ന്യുഡല്‍ഹി: കൊറോണ ബാധ രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി പോലീസിന്റെ സംവിധാനങ്ങളെ രണ്ടാക്കി തിരിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. നിലവിലെ ക്രമസമാധാന ചുമതലക്കാരെ പ്രത്യേകമാക്കാനാണ് ഉദ്ദേശിക്കുന്നത്. കുറ്റാന്വേഷണ വിഭാഗവും ക്രമസമാധാന വിഭാഗവും വേറിട്ട് പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദ്ദേശം.
ക്രമസമാധാന പാലനത്തിനുള്ള പോലീസുദ്യോഗസ്ഥന്മാര് പൊതു സമൂഹവുമായി കൂടുതല്‍ ബന്ധപ്പെട്ടു നില്ക്കുന്നതിനാല് കൊറോണ സാധ്യത വളരെ കൂടുതലാണെന്ന അനുഭവമാണ് പുതിയ നീക്കത്തിന് പിന്നില്‍. വിവിധ പോലീസ്റ്റേഷനുകളുമായും ബന്ധം പുലര്‍ത്തേണ്ടിവരുന്ന നിരവധി പോലീസുദ്യോഗസ്ഥന്മാരുടെ വലിയ ശൃഖലയാണ് ക്രമസമാധാന മേഖലയിലുള്ളത്. ഇതിനിടയില്‍ നിന്നും കുറ്റാന്വേഷണ ചുമതലയുള്ള വിഭാഗത്തെ പ്രത്യേകമായി മാറ്റിക്കഴിഞ്ഞു. ഇതിനൊപ്പം പുറമേ ജോലിക്ക് പോകുന്നവര്‍ സ്റ്റേഷനകത്തെ മറ്റു ജോലികളുമായി യാതൊരു വിധത്തിലും ബന്ധപ്പെടരുതെന്നാണ് തീരുമാനം. പുറമേ ജോലിചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരാതെ നേരെ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതരത്തിലാണ് പുതിയ സംവിധാനം.
നിശ്ചയിക്കപ്പെട്ട ആഴ്ചകളില്‍ ഇരുവിഭാഗങ്ങളുടേയും ചുമതലകള്‍ പരസ്പരം മാറുകയും ചെയ്യുമെന്നും ഡല്‍ഹി പോലീസ് മേധാവി അറിയിച്ചു.നിലവില്‍ 110 പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഒരു ഡെപ്യൂട്ടീ കമ്മീഷണര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതിനിടയില്‍ 32 വയസ്സുകാരനായ കോണ്‍സ്റ്റബിള്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 1000 പോലീസുകാര്‍ ക്വാറന്റൈനിലാണ്.