ന്യൂഡല്‍ഹി: രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ ഉത്തര്‍ പ്രദേശിലും വെട്ടുകിളി ആക്രമണം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെട്ടുകിളി ആക്രമണ ഭീഷണി നേരിടുന്നതിനാല്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
ഉത്തര്‍ പ്രദേശിലെ ആഗ്ര, അലിഗഢ്, ബുലന്ദ് ശഹര്, കാണ്‍പൂര്‍, മഥുര എന്നീ ജില്ലകളില്‍ വെട്ടു കിളി ആക്രമണം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. 2.5 കിലോമീറ്റര്‍ മുതല്‍ 3 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൂട്ടമായി കറങ്ങുന്ന വെട്ടുകിളികള്‍ രാജ്യത്ത് പ്രവേശിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇവര്‍ വലുപ്പത്തില്‍ ചെറുതാണെന്നും അധികൃതര്‍ പറയുന്നു. വെട്ടുകിളികളെ തുരത്തുന്നതിനായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നും ഒരു സംഘം എത്തിയിട്ടുണ്ടെന്ന് അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
ആഗ്രയില്‍ വെട്ടു കിളി ആക്രമണത്തില്‍ നിന്നും വിളകളെ സംരക്ഷിക്കുന്നതിനായി കെമികല്‍ സ്പ്രേ ഘടിപ്പിച്ച 204 ട്രാക്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഝാന്‍സിയില്‍ വെട്ടു കിളികളുടെ ആക്രമണം തടയുന്നതിനായി രാസ വസ്തുക്കളുമായി കരുതിയിരിക്കാന്‍ അഗ്നി ശമന സേനയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്താനില്‍ നിന്നും വെട്ടുകിളിക്കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലേയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ ബനസ്കന്ത, പാടന്‍, കച്ച് എന്നീ അതിര്‍ത്തി ജില്ലകളിലെ കൃഷിയിടങ്ങളിലെ വിള മുഴുവന്‍ വെട്ടുകിളി ആക്രമണത്തില്‍ നശിച്ചിരുന്നു.
ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയും പാത്രങ്ങള്‍ പെരുമ്പറ എന്നിവ മുഴക്കിയും വെട്ടുകിളികളെ കൃഷിയിടത്തില്‍ നിന്നും തുരത്താനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.