കൊറോണയുടെ പ്രതിസന്ധി മൂലമുണ്ടായ അനുഭവങ്ങൾ ജനങ്ങളെ കൂടുതൽ കരുത്തരും രാജ്യത്തെ മികച്ചതുമാക്കാൻ സഹായിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.സർക്കാർ ജീവനക്കാർ ജോലി പുനരാരംഭിച്ച ദിവസം ചേർന്ന വെർച്വൽ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്.ഓഫീസുകൾ വീണ്ടും തുറന്നുപ്രവർത്തിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തിരിക്കുന്നു.ഈയൊരവസ്ഥയിൽ സ്വദേശികളും വിദേശികളുമായ എല്ലാവരും കമ്പനികളും സ്ഥാപനങ്ങളും ഉൾപ്പെടെ ഉത്തരവാദിത്വത്തോടെ മുൻകരുതലുകളെടുത്ത് മുന്നോട്ടുപോകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ഓഫീസ് പ്രവർത്തനങ്ങളും നടപടിക്രമങ്ങളും സർക്കാർ ജോലിയുടെ ഭാവി സംവിധാനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.സ്മാർട്ട് ജുഡീഷ്യൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ഒരു സംഘത്തെ രൂപവത്കരിച്ചതായും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.