ന്യൂഡല്‍ഹി: ഇറാനില്‍ കൊറോണ ലോക്ഡൗണില്‍ കുടുങ്ങിയ ഭാരതീയരെ എത്തിക്കാന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ശാര്‍ദ്ദൂല്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി നാവിക സേന അറിയിച്ചു. ഇറാനിലെ ബാന്ദര്‍ അബ്ബാസ് തുറമുഖത്താണ് യാത്രക്കാരെ പരിശോധിച്ച് കപ്പലിലേക്ക് കയറ്റാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. വന്ദേ ഭാരത് മിഷന്റെ ഓപ്പറേഷന്‍ സമുദ്ര സേതു പദ്ധതിയുടെ ഭാഗമായി സേവനത്തിലുള്ള ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പലാണ് ഐ.എന്‍.എസ്. ശാര്‍ദ്ദൂല്‍.

ഇറാനില്‍ നിന്നുള്ള ഭാരതീയരെ ഗുജറാത്ത് തീരത്തേക്കാണ് എത്തിക്കുന്നത്. നിലവില്‍ ഇറാനില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഇറാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ശേഖരിച്ചു കഴിഞ്ഞതായും പൗരന്മാരെ വിവരം അറിയിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഐ.എന്‍.എസ് ശാര്‍ദ്ദൂലിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും നാവിക സേന അറിയിച്ചു. കപ്പലിനകത്ത് സാമൂഹിക അകലം പാലിക്കാനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനും എല്ലാസംവിധാനങ്ങളും തയ്യാറാണെന്നും നാവികസേനാംഗങ്ങള്‍ പറഞ്ഞു. യാത്രക്കാരുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘവും ആവശ്യത്തിന് മരുന്നുകളും ഭക്ഷണവും തയ്യാറാണെന്നും നാവികസേന അധികൃതര്‍ വ്യക്തമാക്കി.മെയ് മാസം 8-ാം തീയതി ആരംഭിച്ച സമുദ്ര സേതു പദ്ധതി പ്രകാരം മാലിദ്വീപില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമാണ് നാവിക സേന ജനങ്ങളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇതിനായി ജലാശ്വ, മഗര്‍ എന്നീ യുദ്ധകപ്പലുകളാണ് നിയോഗിക്കപ്പെട്ടത്. ആകെ 2847 പേരെ ഇത്തരത്തില്‍ നാട്ടിലെത്തിച്ചു കഴിഞ്ഞു.















