പട്‌ന: ഒരുപാട് ആനപ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരാളെ ആദ്യമായിട്ടായിരിക്കും കാണുക. സ്വത്തിന്റെ പകുതി ഭാഗം തന്റെ ആനകള്‍ക്കായി നീക്കിവെച്ച് മറ്റുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ് ബിഹാറിലെ ഒരു ആനപ്രേമി. മോട്ടി, റാണി, എന്ന പേരുള്ള രണ്ട് ആനകള്‍ക്കാണ് ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ അക്തര്‍ ഇമാം തന്റെ സ്വത്തിന്റെ പകുതി ഭാഗം നീക്കി വെച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ആനയുടെ പേരിലെഴുതിയിരിക്കുന്നത്.
ഈ ആനകള്‍ തനിക്ക് മക്കളെ പോലെയാണെന്നും അവരില്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നുമാണ് അക്തര്‍ പറയുന്നത്. വധശ്രമത്തില്‍ നിന്നും പോലും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരണ ശേഷം ആനകള്‍ അനാഥരായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്തര്‍ ഇമാം പറയുന്നു. വര്‍ഷങ്ങളായി ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് അക്തര്‍ ഇമാം. ആനകള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും അക്തര്‍ നടത്തുന്നുണ്ട്.















