ആലത്തൂര്‍: ചേട്ടന്റെ കൂടെ പാടത്തും പറമ്പിലും സ്കൂള്‍ ഗ്രൗണ്ടിലും ക്രിക്കറ്റ് കളിച്ചു നടന്ന അഖില ഇനി കേരളത്തിന് ബാറ്റേന്തും. ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം പൊന്നു കുട്ടന്റെയും ലതയുടെയും മകള്‍ അഖിലയാണ് അണ്ടര്‍ 19 സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടം നേടിയത് .
സഹോദരനോടൊപ്പം ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്ന ഈ ഇടം കൈ ബാറ്റിംഗ്കാരി ക്രിക്കറ്റിന് വേണ്ടി ഒരു സമയത്ത് പഠനം പോലും ഉപേക്ഷിച്ചിരുന്നു.
ഒരു പക്ഷേ അഖില എന്ന പേര് പലരും കേട്ടിട്ടില്ലെങ്കില്‍ പോലും ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ വീട്ടുമുറ്റത്ത് ക്രിക്കറ്റ് പന്ത് അടിച്ചു പറത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോ പലരും കണ്ടു ആസ്വദിച്ചു കാണും. ആ ഇടം കൈ പെണ്‍കുട്ടി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ അഖില എന്ന മിടുക്കി.