കൊച്ചി: ആര്.എസ്.എസ്.മുതിര്‍ന്ന പ്രചാരകന് ആര്.വേണുഗോപാല്‍(96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചി മാധവനിവാസിൽ വെച്ചായിരുന്നു അന്ത്യം. ബി.എം.എസ്. മുന്‍ അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ്, കേസരി മുഖ്യ പത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചു പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു തവണ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. ഇന്ന് രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ ആര്.എസ്.എസ് സംസ്ഥാന ആസ്ഥാനമായ മാധവനിവാസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
നിലമ്പൂര്‍ രാജകുടുംബത്തിന്റെ കോവിലകത്ത് കൊച്ചുണ്ണി തമ്പുരാന്റെയും പാലക്കാട് കൊല്ലങ്കോട് രാവുണ്യാത്ത് തറവാട്ടിലെ നാണിക്കുട്ടി അമ്മയുടേയും മകനായി 1925ലാണ് ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഉന്നതവിദ്യഭ്യാസത്തിന് ശേഷം ആര്.എസ്.എസ്. പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആര്.എസ്.എസ്.പ്രവര്‍ത്തനത്തിനായി കേരളത്തിലെത്തിയ ദത്തോപാന്ത് ഠേഗ്ഡിയാണ് വേണുഗോപാലിനെ മികച്ച പ്രവര്‍ത്തകനാക്കി മാറ്റിയത്.
ഭാരതീയ മസ്ദൂര്‍ സംഘത്തിനെ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. രണ്ടു തവണ ജനീവയില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രതിനിധിയായി പങ്കെടുത്തു. എല്ലാ തൊഴിലാളി സംഘടനാ നേതാക്കളുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തിയ വ്യക്തിത്വം എന്ന നിലയില്‍ വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടു. ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത തൊഴിലാളി നേതാവ് ആര്.വേണുഗോപാലായിരുന്നു.