ജോർദ്ദാനിൽ നിന്ന് മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷമുള്ള ചലച്ചിത്ര താരം പൃഥ്വിരാജിന്റെ പുതിയ ലുക്ക് പുറത്ത്. താരം തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ താടി എടുത്തതിന് ശേഷമുള്ള പുതിയ ലുക്കിന്റെ ചിത്രം പങ്കുവച്ചത്. ഭാര്യ സുപ്രിയയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ജിം ബോഡി വിത്ത് നോ താടി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനുവേണ്ടി വലിയ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരുന്നത്. ഇതിനായി തടി കുറച്ചതും താടി വളർത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജോർദ്ദാനിലായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവച്ചതും.
പിന്നീട് പ്രത്യേക വിമാനത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകരടങ്ങുന്ന സംഘം കൊച്ചിയിലെത്തിയത്. നാട്ടിലെത്തിയതിന് ശേഷം ക്വാറന്റൈനിൽ പ്രവേശിച്ച പൃഥ്വിയുടെ ചിത്രങ്ങളും വൈറലായിരുന്നു. നിരീക്ഷണത്തിലിരിക്കെ ജിമ്മിൽ വർക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും പൃഥ്വി നേരത്തെ പങ്കുവച്ചിരുന്നു.