ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. തനിക്ക് അവസരം നല്‍കിയാല്‍ കണ്ണ് ചിമ്മും വേഗത്തില്‍ തയ്യാറാകുമെന്നാണ് ബാറ്റിംഗ് പ്രതിഭയായിരുന്ന അസ്ഹറുദ്ദീനിന്റെ തീരുമാനം. ഒരു അന്താരാഷ്‌ട്രമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അസ്ഹറുദ്ദീന്‍ മനസ്സുതുറന്നത്. നിലവില്‍ മുഖ്യപരിശീകനായിട്ടുള്ള രവിശാസ്ത്രിയുടെ കാലാവധി അടുത്ത ടി20 ലോകകപ്പ് വരെയാണുള്ളത്.
താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാണ്. ബാറ്റിംഗാണ് തന്റെ ശക്തി എന്നതിനാല്‍ ടീമില്‍ മറ്റൊരു ബാറ്റിംഗ് കോച്ചിന്റെ ആവശ്യവും വേണ്ടിവരില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. നിലിവില്‍ നിരവധി സഹപരിശീലകരെക്കൊണ്ട് ഇന്ത്യന്‍ ടീം നിറഞ്ഞിരിക്കുകയാണ്. ബാറ്റിംഗിലും ഫീല്‍ഡിംഗിലും എനിക്ക് മറ്റൊരാളുടെ സഹായം ആവശ്യമില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. കൊറോണ പശ്ചാത്തലത്തില്‍ കളികളുടെ എണ്ണം വെട്ടിച്ചുരുക്കിയാലും ഐ.പി.എല്‍ നടത്തണമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. യുവതാര ങ്ങള്‍ക്ക് ഈ സീസണില്‍ ഐ.പി.എല്‍ വലിയ പ്രേരണ നല്‍കുമെന്നും അതിനാല്‍ ഏതുവിധേനയും ബി.സി.സി.ഐ ഐ.പി.എല്‍ നടത്തണമെന്നും മുന്‍താരം പറഞ്ഞു.















