തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി വെങ്ങാനൂര്‍ സ്വദേശിനി അഞ്ജു വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് സ്വദേശിനി സിന്ധുവിനെയാണ് അന്വേഷണസംഘം പിടികൂടിയത്. സംഭവത്തില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച അഞ്ജുവിന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ ഐശ്വര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ജൂണ്‍ 30-നാണ് അഞ്ജുവും ഐശ്വര്യയും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ അഞ്ജു മരിക്കുകയായിരുന്നു. 70 പവന്‍ സ്വര്‍ണം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇരുവരും ജോലി ചെയ്തിരുന്ന സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ നിന്ന് ഉപഭോക്താക്കള്‍ പണയംവെച്ചിരുന്ന 70 പവന്‍ സ്വര്‍ണം സിന്ധുവിന് കൈമാറിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീട് ഈ സ്വര്‍ണം മറ്റ് സ്ഥാപനങ്ങളില്‍ കുറഞ്ഞ പലിശയ്‌ക്ക് പണയംവച്ച് ലഭിച്ച തുകയില്‍ നിന്നുള്ള കമ്മീഷന്‍ അഞ്ജുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ യഥാര്‍ത്ഥ ഉടമകള്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയപ്പോള്‍ അത് കൈമാറാന്‍ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്ഥാപനം നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ജീവനക്കാരികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാകുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ സിന്ധു നേരത്തെയും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.















