മുംബൈ: ക്രിക്കറ്റ് മത്സരങ്ങളുടെ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട ഐ.സി.സി-ബി.സി.സി.ഐ പോരിലേക്ക് നീങ്ങുന്നതായി സൂചന. ടി20 ലോകകപ്പ് തുടങ്ങേണ്ട തീയതി പ്രഖ്യാപിക്കല്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ടി20 ലോകകപ്പ് നടക്കേണ്ട തീയതി പ്രഖ്യാപിക്കാത്തതിനെ ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഐ.സി.സി മേധാവി ശശാങ്ക് മനോഹര്‍ തീരുമാനം മന:പൂര്‍വം വൈകിക്കുന്നതാണെന്ന വാദമാണ് ഭൂരിഭാഗം ബി.സി.സി.ഐ അംഗങ്ങളും ഉന്നയിക്കുന്നത്. എന്നാല്‍ ടി20 തീരുമാനിക്കാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തീരുമാനിക്കാനാകില്ലെന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിച്ചിരിക്കുന്നതെന്നതാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സീസണിലെ പ്രധാന വരുമാനം വരുന്ന ഐ.പി.എല്‍ മുടങ്ങുന്നത് ബി.സി.സി.ഐയ്‌ക്ക് വലിയ ആഘാതമാകുമെന്നതാണ് സത്യം. ടി20 തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോടനുബന്ധിച്ച് ഐ.പി.എല്‍ ക്ലബ്ബുകള്‍ക്ക് അവരുടെ വിദേശതാരങ്ങളുടെ വരവ് തീരുമാനിക്കാനാകും എന്ന സൗകര്യമാണ് ബി.സി.സി.ഐക്ക് മുന്നിലുള്ളത്. ഏതായാലും ഔദ്യോഗികമായി പ്രസ്താവനകളൊന്നും സൗരവ് ഗാംഗുലിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.















