ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ ആംആദ്മി നേതാവ് താഹിര്‍ ഹുസൈനെതിരെ ഒരു കുറ്റ പത്രം കൂടി സമര്‍പ്പിക്കാന്‍ ഒരുങ്ങി ഡല്‍ഹി പോലീസ്. താഹിര്‍ ഹുസൈനെതിരെ നാലാമത്തെ കുറ്റപത്രം തയ്യാറായതായി ഡല്‍ഹി പോലീസ് അറിയിച്ചു. കുറ്റപത്രം അന്വേഷണ സംഘം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
ആദ്യ മൂന്നു കുറ്റപത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി താഹിര്‍ ഹുസൈനും കലാപത്തിന് നേതൃത്വം നല്കിയ മറ്റ് നേതാക്കളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങള്‍ ആയിരിക്കും നാലാമത്തെ കുറ്റപത്രത്തില്‍ ഉണ്ടായിരിക്കുക എന്നാണ് സൂചന. ജെഎന്‍യു നേതാവ് ഒമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ള നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചും , കലാപത്തിന് മുന്‍പ് താഹിര്‍ ഹുസൈന് നടത്തിയ ധനസമാഹരണത്തെക്കുറിച്ചും ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാകും നാമാത്തെ കുറ്റപത്രത്തില്‍ ഉണ്ടാകുക.
ചാന്ദ്ബാഗില്‍ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് താഹിര്‍ ഹുസൈനെതിരെ ഒന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. കലാപത്തിനിടെ ചാന്ദ്ബാഗിലെ ഗോഡൗണ്‍ താഹിര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളയടിച്ചതായും, തീയിട്ട് നശിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഏകദേശം 25 മുതല്‍ 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ താഹിറും സംഘവും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ താഹിര്‍ ഉള്‍പ്പെടെ ആറ് പേരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിച്ചുകൊണ്ടാണ് ഒന്നാം കുറ്റപത്രം സമര്‍പ്പിച്ചത്.
ഖജൂരിഘാസ് പ്രദേശത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് താഹിര്‍ ഹുസൈനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചത്. താഹിര്‍ ഹുസൈന്റെ വീടിനു മുകളില്‍ നിന്നും പ്രദേശത്ത് പാര്‍ക്കിംഗ് ഏരിയയിലേക്ക് പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ കേസില്‍ താഹിര്‍ ഹുസൈനും സഹോദരന് ഷാ അലമും ഉള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചില്‍ താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നും ആസിഡ് ബള്‍ബുകളും പെട്രോള്‍ ബോംബുകളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു.
ഇന്റലിജന്‍സ് ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്ന വിവരങ്ങളാണ് മൂന്നാമത്തെ കുറ്റപത്രത്തില്‍ ഉള്ളത്.