മുംബൈ: ശമനമില്ലാതെ വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് നാമെല്ലാം. വൈറസ് വ്യാപനം തടയുന്നതിനായി രാപകില്ലാതെ പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം. തങ്ങളാലാകും വിധം പൊതുജനങ്ങളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അത്തരത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ നവദമ്പതികള്‍.
കൊറോണ കാലത്ത് വിവാഹിതരായ എറിക് ആന്റണ്‍- മെര്ലിന് ദമ്പതിമാരാണ് തങ്ങളുടെ വിവാഹദിനത്തില്‍ നാടിന് വേണ്ടി വലിയ നന്മ ചെയ്ത് സമൂഹത്തിന് മാതൃകയായിരിക്കുന്നത്. കൊറോണ ആശുപത്രിക്കായി 50 കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളുമാണ് ഇവര്‍ നല്‍കിയത്. സത്പല ഗ്രാമത്തിലെ കൊറോണ കെയര്‍ സെന്ററിലേക്കാണ് ഇവര്‍ കിടക്കകളും ഓക്സിജന്‍ സിലണ്ടറുകളും സംഭാവന നല്‍കിയത്.
ആശുപത്രിയിലേക്ക് ബെഡുകള്‍ സംഭാവന ചെയ്യാനുള്ള താത്പര്യമുണ്ടായതോടെ ദമ്പതിമാര്‍ വിവരം പ്രാദേശിക അധികൃതരെ അറിയിച്ചു. പ്രാദേശിക അധികൃതരുടെ അനുമതി ലഭിച്ചതോടെ ഇവര്‍ നിര്‍മ്മാതാക്കളെ സമീപിക്കുകയും ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിച്ച വിധത്തില്‍ കിടക്കകള്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. പിന്നീട് ദമ്പതികള്‍ ഇവ ആശുപത്രിയ്ക്ക് കൈമാറി. നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.