തിന്‍സുകിയ: പ്രളയക്കെടുതി വിതച്ച് അസമില്‍ കനത്ത മഴ. മഴമൂലം തിന്‍സുകിയയിലെ പാലംതകര്ത്തു. 99 ഗ്രാമങ്ങളും ഒറ്റപ്പെട്ടതായാണ് വിവരം. ദൂംദൂമാ-ബാഗ്ജാന്‍ റോഡിലെ പാലമാണ് പ്രളയജലത്തില്‍ തകര്‍ന്നത്. കഴിഞ്ഞ ഒരു മാസമായി പ്രകൃതിവാതക അഗ്നിബാധയാല്‍ കഷ്ടപ്പെടുന്ന ഗ്രാമീണരേയും ജില്ലയേയുമാണ് പ്രളയക്കെടുതി ബാധിച്ചിരിക്കുന്നത്.
കനത്തമഴയില്‍ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായി വിവരമില്ല. ‘ ഇതുവരെ ആര്‍ക്കും അപകടമോ മരണമോ സംഭവിച്ചിട്ടില്ല. എന്നാല്‍ ബാഗ്ജാന്‍ എണ്ണ ഖനനമേഖലയിലെ നിലവിലെ അഗ്നിബാധ തടയുന്ന പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ സൈന്യം നടത്തുകയാണ്’ ജില്ലാ പോലീസ് സൂപ്രണ്ട് ബൈതുള്‍ ഛേതിയ പറഞ്ഞു.
ജില്ലാ കേന്ദ്രമായ ദിബ്രുഗഡ് അടക്കമുള്ള നഗരപ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വാഹനഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം.
തിന്‍സുകിയ ജില്ലയിലെ ബാഗ്ജാന്‍ മേഖലയിലാണ് ഇന്ത്യയിലെ എണ്ണ ശേഖരമുള്ള പാടമുള്ളത്. 17 എണ്ണക്കിണറുകളും 5 പ്രകൃതിവാതക കിണറുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണ്. പ്രകൃതിവാതകം പുറത്തേക്ക് എത്തിക്കുന്ന ഒരു കിണറിലാണ് തീപിടുത്തമുണ്ടായത്. വലിയ നദി ഒഴുകുന്ന മേഖലയായതിനാലാണ് പ്രളയസമാന അന്തരീക്ഷം ഉണ്ടായിരിക്കുന്നത്.