പാറ്റ്ന : ബീഹാറില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ആര്‍ജെഡിയെ പ്രതിരോധത്തിലാക്കി മുതിര്‍ന്ന നേതാവ് വിജേന്ദ്ര യാദവ് പാര്‍ട്ടി വിട്ടു. ആര്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കളോട് പാര്‍ട്ടിക്കുള്ള അവഗണന ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ജെഡിയില്‍ നിന്നും രാജിവെക്കുന്ന വിവരം അദ്ദേഹം അറിയിച്ചത്.
രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ കിംഗ് മേക്കര്‍ എന്ന് അറിയപ്പെടുന്ന അദ്ദേഹം നിലവില്‍ ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഈ സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. നേരത്തെ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവുമായി വിജേന്ദ്ര യാദവ് രംഗത്ത് വന്നിരുന്നു. എന്നാല്‍ പെട്ടെന്നുള്ള രാജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് കഴിഞ്ഞ 10 വര്‍ഷക്കാലമായി തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതായി വാര്‍ത്താ സമ്മേളനത്തില്‍ വിജേന്ദ്ര യാദവ് പറഞ്ഞു. 1990 നും 2000 ത്തിനും ഇടയില്‍ ഉണ്ടായിരുന്ന ലാലുഅല്ല ഇപ്പോഴുള്ളത്. അദ്ദേഹം ഒരുപാട് മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ താന്‍ രാജിവെക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷക്കാലമായി പാര്‍ട്ടി തന്നെ അവഗണിക്കുന്നു. ലാലു പ്രസാദ് യാദവ് ആണ് തങ്ങളുടെ നേതാവ് . അത് ഇപ്പോഴും അത് പോലെ തുടരുന്നു. ആര്‍ജെഡി മുതിര്‍ന്ന നേതാക്കളെ വല്ലാതെ അവഗണിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ പോലും അനുഭവ സമ്പത്തുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പകരം പാര്‍ട്ടി പ്രധാന്യം നല്‍കുന്നത് പുതിയ പ്രവര്‍ത്തകര്‍ക്കാണ്. നിരവധി പാര്‍ട്ടി പരിപാടികള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാല്‍ അതിലൊന്നും തനിക്ക് സംസാരിക്കാന്‍ ഒരു അവസരം പാര്‍ട്ടി തന്നില്ല. ആര്‍ജെഡിയിലെ എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും തന്നെ പോലെ അവഗണന മാത്രമാണ് ലഭിക്കുന്നത്.
കഴിഞ്ഞ മുപ്പത് വര്‍ഷക്കാലമായി താന്‍ ആര്‍ജെഡിയില്‍ സജീവമാണ്. പാര്‍ട്ടി വിടുന്നതില്‍ ദു:ഖമുണ്ട്. ഇപ്പോഴും സമൂഹത്തിന്റെ കണ്ണില്‍ താന്‍ ഒരു നേതാവാണ്. എനിക്ക് അര്‍ഹിക്കുന്ന ചുമതല നല്‍കാത്ത പാര്‍ട്ടിയില്‍ ഒരു അംഗമായി തുടരാന്‍ തനിക്ക് എങ്ങിനെ കഴിയും. അതുകൊണ്ട് കൂടിയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും വിജേന്ദ്ര യാദവ് വ്യക്തമാക്കി.