ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിനായി വാക്സിന് കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണക്കെതിരെയുള്ള വാക്സിനേഷനുള്ള തയ്യാറെടപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു. കൃത്യസമയത്ത് കാര്യക്ഷമവും സമയബന്ധിതവുമായ പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പാക്കുന്നതിനായി വിവിധ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് യോഗത്തില്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
വലിയ തോതില്‍ വാക്സിനേഷന് നടത്താനായുള്ള ആസൂത്രണങ്ങള്‍ നടത്താനും അദ്ദേഹം വ്യക്തമാക്കി. കൊറോണ പ്രതിരോധ വാക്സിന് കണ്ടെത്താനുള്ള പരിശ്രമങ്ങളെ കുറിച്ചും യോഗത്തില്‍ വിലയിരുത്തി. കൊറോണക്കെതിരെ വാക്സിന് കണ്ടെത്താനുള്ള ലോകത്തിന്റെ പരിശ്രമങ്ങളില്‍ ഇന്ത്യയുടെ ഉത്തരവാദിത്വത്തെയും പ്രതിബദ്ധതയേയും അദ്ദേഹം യോഗത്തില്‍ എടുത്തുകാട്ടി.
കൊറോണ വാക്സിന് കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ പൂര്‍ണ പിന്തുണയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. പ്രതിരോധ വാക്സിന് വികസിപ്പിക്കാനായി 100 കോടി രൂപയാണ് പിഎം കെയേഴ്സ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.