വായു മലിനീകരണം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. പലപ്പോഴും നമ്മുടെ വീടിനുള്ളിൽ ശ്വസിക്കുന്ന വായുവിനെ പറ്റി ചിന്തിക്കാറുപോലുമില്ല . ആസ്തമ , തുമ്മൽ തുടങ്ങി പല രോഗങ്ങൾക്കും കാരണം പുറത്തുള്ള മലിന വായു ശ്വസിക്കുന്നത് കൂടാതെ വീടിനുള്ളിൽ നാം അറിയാതെ മലിനപെട്ട വായു ശ്വസിക്കുന്നത് മൂലവുമാകാം.
ഇതിനെ കുറിച്ചുള്ള ചിന്തകളും ചർച്ചകളും ഉടലെടുത്തത് കൊണ്ടാവാം , ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല എയർ കൂളിംഗ് സംവിധാനങ്ങളുടെയും പരസ്യത്തിനൊപ്പം വായു ശുദ്ധീകരിക്കുന്നതിനെ പറ്റിയും പറയുന്നത്. എന്നാൽ നമ്മുടെ പ്രകൃതി ,വായു ശുദ്ധീകരിക്കാനുള്ള വഴികൾ ധാരാളമായി നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നു എന്നറിയാതെ വിലകൂടിയ വായു ശുദ്ധീകരിക്കുന്ന യന്ത്രങ്ങൾക്ക് പുറകെ നാം പോകുന്നത്.
ഇന്ന് ഓഫീസുകളിലും , കടകളിലും മറ്റും ചെടികൾ അലങ്കാരമായിട്ടും വായു ശുദ്ധീകരിക്കാനുമായി വയ്ക്കാറുണ്ട് . വായു ശുദ്ധീകരിക്കാൻ കഴിവുള്ള ഇൻഡോർ ചെടികൾ വയ്ക്കുന്നത് കൊണ്ട് സമ്മർദ്ദം കുറക്കാനും , ഊർജ്ജസ്വലത കൈവരിക്കാനും , ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കൂട്ടാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വീടിനകത്തോ ഓഫീസിലോ വെക്കാൻ സാധിക്കുന്ന ചെടികളിൽ വായു ശുദ്ധീകരിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചെടിയാണ് “സ്പൈഡർ പ്ലാന്റ് ” അഥവാ “ക്ലോറോഫൈറ്റം കോമോസം “. വളരെ എളുപ്പത്തിൽ വളരുന്നതും , കാണാൻ ഭംഗിയുള്ളതുമായ ചെടിയാണ് സ്പൈഡർ പ്ലാന്റ് . തൂക്കിയിടാവുന്ന ചട്ടികളിൽ ഇവ നിൽക്കുന്നത് കാണുന്നത് തന്നെ കണ്ണിന് കുളിർമയാണ് . പരിപാലനം വളരെ കുറച്ചു മാത്രം ആവശ്യമുള്ള ചെടിയാണിത്.
തിരക്കിനിടയിൽ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കാൻ മറന്നു പോയാൽ പോലും ഇവ വാടില്ല. സൂര്യപ്രകാശം ഉണ്ടെങ്കിലും കുറവുള്ള സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും, സ്പൈഡർ പ്ലാൻറ്റ് തഴച്ചു വളരും.ചെറിയ പൂക്കളോടു കൂടി ധാരാളം ഇലകൾ ഉള്ള ചെടിയാണിത്. അന്തരീക്ഷത്തിലുള്ള ഫോർമാൽഡിഹൈഡ് നീക്കം ചെയ്യുന്നതിൽ മൂന്നാം സ്ഥാനമാണ് നാസ ഈ ചെടിക്ക് നൽകിയിട്ടുള്ളത്. അന്തരീക്ഷത്തിലുള്ള കാർബൺ മോണോക്സൈഡിന്റെയും ,നൈട്രജൻ ഡയോക്സിഡിന്റെയും അളവ് കുറക്കുന്നതിലും സ്പൈഡർ പ്ലാന്റ് വലിയ പങ്കു വഹിക്കുന്നുണ്ട്.
ഇൻഡോർ പ്ലാന്റ് എന്ന ആശയം മനസ്സിൽ ഉദിച്ചാൽ സ്പൈഡർ സ്പൈഡർ പ്ലാന്റിനെ ഉൾപ്പെടുത്താൻ മറക്കരുത്.