ഭുവനേശ്വര്‍ : ഒഡീഷയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ക്യാമ്പ് തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന. കാന്ദമാല്‍ ജില്ലയിലെ സുമ്മര്ബന്ദ വന പ്രദേശത്ത് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പാണ് സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. ക്യാമ്പില്‍ നിന്നും മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഓളം കമ്മ്യൂണിസ്റ്റ് ഭീകരര്‍ പ്രദേശത്ത് താവളമടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേനയും പോലീസും സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. എന്നാല്‍ സുരക്ഷാ സേന അധികൃതര്‍ പരിശോധനക്കായി എത്തുമെന്ന വിവരം അറിഞ്ഞ ഭീകരര്‍ ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായുള്ള പരിശോധന ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ആയുധങ്ങള്‍ക്ക് പുറമേ 15 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ വിദഗ്ധര്‍ വിശദമായി പരിശോധിച്ച് വരികയാണ്.