ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമേകി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,033 പേര് രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 60 ശതമാനം പിന്നിട്ടു. 60.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയബന്ധിത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചത്. രാജ്യത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 3,79,891 ആയി ഉയര്‍ന്നു. നിലവില്‍ 2,27,439 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
ചികിത്സയിലുള്ളവരേക്കാള് 1.5 ലക്ഷത്തിലധികം ആളുകളുടെ രോഗമാണ് ഭേദമായിരിക്കുന്നത്. ‘ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്’ നയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനിടെ 2.4 ലക്ഷത്തിലേറെ പരിശോധനകളാണ് നടത്തിയത്.
രാജ്യത്ത് ഇതുവരെ 92,97,749 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,41,576 സാമ്പിളുകള്‍ പരിശോധിച്ചു. 775 സര്‍ക്കാര്‍ ലാബുകളും 299 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 1074 ലാബുകളാണ് പരിശോധനകള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്.