കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ 8 പോലീസുദ്യോഗസ്ഥര്‍ വീരചരമം അടഞ്ഞ വെടിവെയ്പ്പിലെ മുഖ്യപ്രതിയുടെ ബംഗ്ലാവ് യോഗി സര്‍ക്കാര്‍ ഇടിച്ചു നിരത്തി. കാന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് വന്‍ അക്രമിസംഘത്തിന് താങ്ങും തണലുമായി നിന്ന കൂറ്റന്‍ ബംഗ്ലാവ് മണിക്കൂറുകള്‍ക്കകം നിലംപരിശാക്കിയത്. കെട്ടിടങ്ങള്‍ക്കൊപ്പം മുന്തിയ ഇനം രണ്ടു കാറുകളും എസ്.യു.വിക ളടക്കം ജില്ലാഭരണകൂടം ഇടിച്ചു തകര്‍ത്തു. രണ്ടു ജെ.സി.ബികള്‍ എത്തിച്ച് വന്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി പൂര്‍ത്തിയാക്കിയത്. ഇതിനിടെ ദുബെക്കെതിരെ നടത്തിയ റെയ്ഡ് വിവരം ഒറ്റിക്കൊടുത്ത വിനയ് തിവാരി എന്ന എസ്.ഐയെ ഉത്തര്‍പ്രദേശ് പോലീസ് മേധാവി പിരിച്ചുവിട്ടു.
8 പോലീസുദ്യോഗസ്ഥരെ വെടിവെച്ചിട്ട ശേഷം ദുബെയും സംഘവും രാത്രിയുടെ മറവില്‍ രക്ഷപെടുകയായിരുന്നു. രാത്രി തന്നെ പ്രദേശം വളഞ്ഞ പോലീസ് സംഘത്തിന് ഇതുവരെ ആരേയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ദുബെയുടെ പ്രധാന കേന്ദ്രം തകര്‍ക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
63 കൊലക്കേസ്സില്‍ പ്രതിയായിട്ടുള്ള വികാസ് ദുബെക്കെതിരെ റെയ്ഡ് നടത്തവേയാണ് ഒരു ഡെപ്യൂട്ടീ സുപ്രണ്ട് അടക്കം 8 പോലീസുദ്യോഗസ്ഥരെ ദുബെയും സംഘവും വെടിവെച്ച് കൊലപ്പെടുത്തിയത്. ദുബെയുടെ വീട്ടിലേക്കുള്ള വഴികള്‍ ആദ്യം മണ്ണിട്ട് തടഞ്ഞുള്ള ആസൂത്രിത നീക്കത്തെ മറികടന്ന് നീങ്ങിയ പോലീസ് സംഘത്തിനെ വളഞ്ഞിട്ട് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനിടെ വീടിനകത്തേക്ക് പാഞ്ഞുകയറിയ മൂന്ന് പോലീസുദ്യോഗസ്ഥരെ നിഷ്ഠൂരമായിട്ടാണ് ദുബെ വെട്ടിയും വെടിവെച്ചും ഇല്ലാതാക്കിയത്. അഞ്ചു പോലീസുകാര്‍ കനത്ത വെടിവെയ്പ്പില്‍ നിന്നും രക്ഷപെടാന്‍ ഒരു മൂത്രപ്പുരയില്‍ ഒളിച്ചതോടെ അക്രമികള്‍ വളഞ്ഞിട്ടാണ് വെടിയുതിര്‍ത്തത്. ചെറിയ മുറിക്കുള്ളില്‍ കുടുങ്ങിയ പോലീസുകാര്‍ക്ക് തിരിച്ച് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് ദുബെയുടെ സംഘം സൃഷ്ടിച്ചത്.