കൊച്ചി: അമ്മ നിര്‍വ്വാഹക സമിതി യോഗം നിര്‍ത്തിവെച്ചു. യോഗം ചേര്‍ന്ന ചക്കരപ്പറമ്പ് കണ്ടെയ്ന്മെന്റ് സോണിലായതിനാലാണ് യോഗം നിര്‍ത്തിവെച്ചത്. ചക്കരപ്പറമ്പ് ഹോളി ഡേ ഇന്‍ ഹോട്ടലിലായിരുന്നു അമ്മ നിര്‍വ്വാഹക സമിതി യോഗം. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ഹോട്ടല്‍ അടപ്പിച്ചു.
അതേസമയം യോഗ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും താരങ്ങള്‍ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സിനിമാ മേഖലയെ കരകയറ്റാന്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് അമ്മ നിര്‍വ്വാഹക സമിതി യോഗം കൂടിയത്.