ഗുവാഹട്ടി: ശക്തമായ മഴയില്‍ അസമിലെ പ്രളയക്കെടുതി രൂക്ഷമാകുന്നു. അഞ്ചു ദിവസമായി ബ്രഹ്മപുത്രാനദിയിലെ ജലനിരപ്പ് താഴുന്നില്ലെന്നതാണ് പ്രളയം രൂക്ഷമാക്കിയത്. നിരവധി ജില്ലകള്‍ ഒറ്റപ്പെട്ടതിനൊപ്പം വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24000 ഹെക്ടര്‍ പ്രദേശത്തെ കൃഷി പൂര്‍ണ്ണമായും നശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ഒറ്റപ്പെട്ട 467 ഗ്രാമീണരെ പ്രത്യേക ബോട്ടുകളിലാണ് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയത്. ബാരാപേട്ട ജില്ലയിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. രണ്ടു ദിവസം മുന്നേ 950 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആകെ 11 രക്ഷാ സംഘങ്ങളായാണ് ദേശീയ ദുരന്തനിവാരണ സേന പ്രവര്‍ത്തിക്കുന്നതെന്ന്് ക്യാപ്റ്റന്‍ ജോണ്സണ് ഹമാര്‍ അറിയിച്ചു. അസമിലെ ദോര്ഹട്ട്, ബോണ്ഗായിഗോണ്, കാംരൂപ്, ബസ്കാ, ബാരാപേട്ട, കാച്ചാര്‍, ശിവസാഗര്‍, സോനിത്പൂര്‍, ധീമാജീ, തിന്‍സൂകിയ എന്നീ പ്രദേശങ്ങളെയാണ് പ്രളയക്കെടുതി ബാധിച്ചിരിക്കുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ തിരച്ചില്‍ നാലു ദിവസമായി തുടരുകയാണ്. ഇന്നു അതിരാവിലെ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഒരു വൃദ്ധനായ കര്‍ഷകന്റെ മൃതദേഹം സേന നദിയില്‍ നിന്നും കണ്ടെടുത്തു. ഇംഫാലില്‍ നദികടക്കവേ ബോട്ടില്‍ നിന്നും വീണാണ് മരണം സംഭവിച്ചത്. സൈക്കിള്‍ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ ഒഴുക്കുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.