ചെന്നൈ: മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറി കഴിഞ്ഞിരിക്കുകയാണിപ്പോള്‍. കാലത്തിനൊത്ത് കോലവും മാറണമെന്ന് പറയുന്നത് പോലെ മാസ്‌കുകളിലും വൈറൈറ്റി കണ്ടെത്താനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. വിവിധ മോഡലുകളിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകാറുണ്ട്.
സ്വര്‍ണ്ണം കൊണ്ടും വെള്ളി കൊണ്ടും നിര്‍മ്മിച്ചവയും വജ്രം പതിപ്പിച്ച മാസ്‌കുകളുമെല്ലാം വിപണി കീഴടക്കുകയാണിപ്പോള്‍. അത്തരത്തില്‍ സ്വര്‍ണം കൊണ്ട് വ്യത്യസ്തമായ രീതിയില്‍ മാസ്‌ക് നിര്‍മ്മിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍. മറ്റുള്ള സ്വര്‍ണ്ണ മാസ്‌കുകളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് രാധാകൃഷ്ണന്‍ സുന്ദരം ആചാര്യ എന്ന സ്വര്‍ണ്ണപ്പണിക്കാരന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്വര്‍ണ്ണ നൂലിഴകള്‍ ഉപയോഗിച്ച് അതി മനോഹരമായാണ് രാധാകൃഷ്ണന്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 0.06 മില്ലിമീറ്റര്‍ വീതിയുള്ള നൂലിഴകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ മാസ്‌കിന് 2.75 ലക്ഷമാണ് വില. സ്വര്‍ണ്ണ നൂലിഴകള്‍ കൊണ്ട് മനോഹരമായി തുന്നിച്ചേര്‍ത്ത മാസ്‌ക് 7 ദിവസങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. സ്വര്‍ണ്ണം വാങ്ങാന്‍ കഴിയാത്തവര്‍ക്കായി വെള്ളി നൂലിഴകള്‍ കൊണ്ടുള്ള മാസ്‌കും രാധാകൃഷ്ണന്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 15,000 രൂപയാണ് വെള്ളി മാസ്‌കിന്റെ വില.
സ്വര്‍ണ്ണ മാസ്‌കുകള്‍ക്കും വെള്ളി മാസ്‌കുകള്‍ക്കും ഡിമാന്‍ഡ് ഏറെയാണെന്നും നിരവധി പേര്‍ ഇവ വാങ്ങാനെത്തുന്നുണ്ടെന്നും രാധാകൃഷ്ണന്‍ പറയുന്നു. വിവാഹച്ചടങ്ങുകള്‍ക്ക് വേണ്ടിയാണ് കൂടുതലും ആവശ്യക്കാരെത്തുന്നത്. വ്യത്യസ്തമായി ഒരു മാസ്‌ക് നിര്‍മ്മിക്കണമെന്ന ചിന്തയാണ് ഇത്തരമൊരു മാസ്‌ക് നിര്‍മ്മിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു. വിലയേറിയ മാസ്‌കുകള്‍ ധരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.















