പേരില്ലാത്ത മുഖമില്ലാത്ത സൈബര്‍ ഗുണ്ടകള്‍ക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണ
കുമാര്‍.സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കാണ് എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ് എന്ന പേരില്‍ അഹാന വീഡിയോ അപ് ലോഡ് ചെയ്ത് രംഗത്തെത്തിയത്. സൈബര്‍ ഗുണ്ടകള്‍ക്ക് തന്റെ വീഡിയോ സമര്‍പ്പിക്കുന്നെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ തന്നെ നടി പറയുന്നത്.
തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന്റെ പേരിലുള്ള പ്രതികരണമോ മറുപടിയോ അല്ല. താന്‍ ആര്‍ക്കും ഒരു ഇര അല്ല. മോശം വാക്കുകളുപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന വ്യക്തമാക്കി. നമ്മള്‍ നേരിട്ടു കൊണ്ടിട്ടിരിക്കുന്ന മഹാമാരിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇതിനെ പ്രതിരോധിക്കാനായി മാസ്‌കോ സാനിറ്റെസറോ ഒന്നും നാം ഉപയോഗിക്കാറില്ല. ഈ മഹാമാരിയുടെ പേരാണ് സൈബര്‍ ആക്രമണം. ഇതു തന്നെ പലതരത്തിലുണ്ട് അതിലൊന്നിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. അതാണ് ഫെള്മിങ്ങ്. നമ്മുടെ സോഷ്യല്‍ മീഡിയ പേജിലെത്തി മറ്റൊരാള്‍ മോശമായ വാക്കുകള്‍ എഴുതുന്നതിനെയാണ് ഫെള്മിങ്ങ് എന്ന് പറയുന്നത്.
ഞാനെന്റെ വ്യക്തിപരമായ അഭിപ്രായം പറയുന്നു, അപ്പോള്‍ മറ്റൊരാള്‍ അയാള്‍ക്കു തോന്നുന്ന ധാര്‍മികമായ മറ്റൊരഭിപ്രായം എന്റെ ഇന്‍ ബോക്‌സില്‍ പങ്കുവയ്‌ക്കുന്നു. അതിനെ കുറച്ച് പേര്‍ പിന്തുണയ്‌ക്കുന്നു. ഇത് സൈബര്‍ ആക്രമണം അല്ല. പക്ഷേ ഇതിനെ ഏറ്റെടുത്ത് ഒരാളെ കൂട്ടമായി ആക്രമിക്കുന്ന ആളുകളുണ്ട്. അവര്‍ അവിടെ ചിലപ്പോള്‍ എന്നെ തെറിവിളിക്കും, ലൈംഗികമായി അധിക്ഷേപിക്കും, കുടുംബാംഗങ്ങളെ മോശം പറയും. ഇതാണ് സൈബര്‍ ആക്രമണം. ഇതല്ലാതെ വേറെയുമുണ്ട് സൈബര്‍ ബുള്ളിയിങ്. ചില താരങ്ങളുടെ ഫോട്ടോയുടെ താഴെ മോശം കമന്റ് ഇടുന്നവരാണ് മറ്റൊരു കൂട്ടം.
ഒരു മൊബൈല്‍ ഫോണും ആവശ്യത്തിലധികം സമയവും, മറ്റൊരാളോട് അവരെ കുറിച്ച് തന്നെ വളരെ മോശമായി പറയുമ്പോള്‍ സന്തോഷം ലഭിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങളും ഒരു സൈബര്‍ അറ്റാക്കര്‍ ആണെന്ന് അഹാന പറയുന്നു.
നിങ്ങള്‍ ഇത്തരത്തില്‍ കമന്റുകള്‍ ഇടുമ്പോള്‍ അത് നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ വ്യക്തിത്വം എന്താണെന്നുമാണ് കാണിക്കുന്നത്. എന്റെ വീട്ടുകാരെയല്ല, നിങ്ങളുടെ വീട്ടുകാരെയാണ് അത് പരിഹസിക്കുന്നത്. എനിക്കല്ല, നിങ്ങള്‍ക്കാണ് വളര്‍ത്ത് ദോഷം. നിങ്ങളുടെ കമന്റിന് 250 ലൈക്ക് കിട്ടിയെങ്കില്‍ ഈ ലോകത്ത് 250 സൈബര്‍ അറ്റാക്കര്‍മാര്‍ കൂടിയുണ്ടെന്നാണ് അതിന് അര്‍ഥം എന്നും അഹാന പറയുന്നു.
ഞാനും അനുഭവിച്ചിട്ടുണ്ട് ഈ സൈബര്‍ ആക്രമണം. അന്ന് എനിക്ക് നേരെ ഈ തെറി വിളി ഉണ്ടായപ്പോള്‍ ഞങ്ങളെല്ലാം വീട്ടിലിരുന്ന് കരയുകയല്ല ചെയ്തത്. അതൊക്കെ എഴുതിയവരെ ഓര്‍ത്ത് സഹതപിക്കുകയായിരുന്നു. ഇതൊരു അസുഖമാണെങ്കില്‍, അല്ലെങ്കില്‍ ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകളെ കോമാളികളെപ്പോലെ നമ്മള്‍ കണ്ടാല്‍ അതാകും നല്ലത്. കുറേ വിവരമില്ലാത്ത ആളുകള്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. അത് അവരുടെ പ്രശ്‌നമാണ്. നമ്മുടെ പ്രശ്‌നമല്ല. ഇവര്‍ പറയുന്നത് ഓര്‍ത്ത് വിഷമിച്ചിരുന്നാല്‍ നമ്മുടെ അവസ്ഥ വളരെ മോശമായിരിക്കും
തന്റെ ഈ വിഡിയോ കാണുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ ഒന്നും പോലും മനസിലാക്കാതെ ‘അപ്പോള്‍ ഇവള്‍ക്ക് മലയാളം പറയാന്‍ അറിയാം എന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അതേടാ മലയാളം പറയാന്‍ നന്നായിട്ടറിയാം എന്നു പറഞ്ഞുകൊണ്ടാണ് അഹാന വിഡിയോ അവസാനിപ്പിക്കുന്നത്.















