ഗുവാഹട്ടി: അസമില്‍ വീണ്ടും എണ്ണക്കിണര്‍ പൊട്ടിത്തറി. രണ്ടു മാസത്തിനിടെ നടക്കുന്ന എണ്ണഘനന മേഖലയിലെ രണ്ടാമത്തെ അപകടമാണ് തീന്‍സുകിയയില്‍ നടക്കുന്നത്. അപകടത്തില്‍ മൂന്ന് വിദേശ എഞ്ചിനീയര്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അസമിലെ തീന്‍സുകിയ ജില്ലയിലെ ഭാഗ്ജാന്‍ ഗ്രാമത്തിലെ എണ്ണപ്പാടത്താണ് വീണ്ടും പൊട്ടിത്തെറി നടന്നത്.
അഞ്ചാം നമ്പര്‍ എണ്ണക്കിണറിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. മെയ് മാസം അവസാനം ഇതേ മേഖലയിലെ പ്രകൃതിവാതക കിണറിലുണ്ടായ തീപിടുത്തം ഒരു മാസത്തെ ശ്രമത്തി നൊടുവിലാണ് അണയ്ക്കാന്‍ സാധിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയാണ് നിലവില്‍ എണ്ണക്കിണര്‍ മേഖലയില്‍ നിലയുറപ്പി ച്ചിരിക്കുന്നത്. കഴിഞ്ഞമാസത്തെ പൊട്ടിത്തറി നടന്ന സ്ഥലത്തേയ്ക്ക് കൂറ്റന്‍ അഗ്നിശമന സംവിധാനം എത്തിക്കാന്‍ ഒരു ബെയ്ലി പാലം തന്നെ കരസേനയുടെ സഹായത്താല്‍ പണിതീര്‍ത്തിരുന്നു. ആകെ 17 കിണറുകളുള്ള സുപ്രധാന എണ്ണ-പ്രകൃതിവാതക ഘനന മേഖലയാണ് തീന്‍സുകിയ.
കഴിഞ്ഞമാസം പ്രകൃതിവാതക കിണറിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു അഗ്നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമേ പ്രദേശത്തെ ഗ്രാമങ്ങളില്‍ നിന്നും 7000 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇതിനിടെ കനത്ത മഴമൂലമുണ്ടായ പ്രളയവും തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിന് തടസ്സമായിരിക്കുകയാണ്.