മിലാന്‍: യൂറോപ്പിലെ ഗോള്‍വേട്ടകാരന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഉടന്‍ ലഭിക്കും. സുവര്‍ണ്ണപാദുകം ആരുടെ കയ്യിലെത്തുമെന്നതാണ് ഇനി കാത്തിരിക്കുന്നത്. ലീഗുകളുടെ അവസാന ഘട്ടത്തിലെ മത്സരങ്ങളാണ് കാത്തിരിപ്പിന് കാരണം. ഇറ്റാലിയന്‍ ലീഗിലെ അവസാന ഘട്ട പോരാട്ടമാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ ലെവന്‍ഡോവ്‌സ്‌കി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഇമ്മോബെല്‍ എന്നിവരാണ് പട്ടികയില്‍ മുന്നിലുള്ള താരങ്ങള്‍. ലയണല്‍ മെസ്സി ഇത്തവണ അഞ്ചാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.
ഇതുവരെ സുവര്‍ണ്ണ പാദുകം നേടിയിട്ടുള്ള താരങ്ങളില്‍ മെസ്സിയാണ് മുന്നില്‍. 6 തവണ മെസ്സി നേടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലു തവണയും നേടിയിട്ടുണ്ട്. ക്ലബ്ബുകളുടെ കണക്കില്‍ 8 തവണ ബാഴ്‌സലോണയാണ് ഗോള്‍ഡന്‍ബൂട്ട് താരങ്ങളെ സ്വന്തമാക്കിയത്. നാലു തവണ റയല്‍ മാഡ്രിഡും, ബുക്കാറെസ്റ്റ് മൂന്നു തവണയും പോര്‍ട്ടോ മൂന്നു തവണയും നേടി.

ജര്‍മ്മന്‍ ലീഗായ ബുന്ദേസ്ലീഗയില്‍ കളിക്കുന്ന ബയേണ്‍ മൂണിച്ചിന്റെ റോബര്‍ട്ടോ ലെവന്‍ ഡോവ്‌സ്‌കിയാണ് നിലവില്‍ 34 ഗോളുകളടിച്ച് മുന്നിലുള്ളത്. 30 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലാസിയോയുടെ ഇമ്മോബൈലുമാണ് പുറകിലുള്ളത്. ഇരുവര്‍ക്കും ഇനി നാലു മത്സരങ്ങള്‍ ബാക്കിയുള്ളതിലാണ് സീരി ഏ ക്ലബ്ബുകള്‍ക്കുള്ള പ്രതീക്ഷ.
മറ്റ് ഗോള്‍വേട്ടക്കാരില്‍ തിമോ വെര്‍ണര്‍(റെഡ്ബുള്‍ ലെയ്പ്‌സിഗ്-28), ലയണല്‍ മെസ്സി (ബാഴ്‌സലോണ-25), എര്‍ലിംഗ് ഹാളണ്ട്( ബൊറൂസിയ ഡോട്ട്മുണ്ട്-29), ജെയ്മി വാര്‍ദി(ലെസ്റ്റര്‍ സിറ്റി-23), ഷോണ്‍ വെയ്‌സമാന്‍-(വോള്‍സ്ബര്‍ഗര്‍-30), കരിം ബന്‍സേമ(റയല്‍ മാഡ്രിഡ്-21), റൊമേലു ലൂക്കാക്കു( ഇന്റര്‍ മിലാന്‍-21) എന്നിവരാണ് നാലുമുതല്‍ പത്തുവരെ സ്ഥാനത്തുള്ളത്. ഇതില്‍ എര്‍ലിംഗും വെയ്‌സ്മാനും ഗോളുകള്‍ അടിച്ചത് കൂടുതലാണെങ്കിലും പോയിന്റ് നിലയില്‍ പുറകിലാണെന്നതാണ് മറ്റൊരു പ്രത്യേകത. ഗോള്‍ഡന് ബൂട്ടിനായി നോക്കുന്നത് പോയിന്റുകളാണ്. യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ ഗോളടിച്ചാല്‍ രണ്ടു പോയിന്റും ബാക്കി ലീഗുകളിലെ ഗോളുകള്‍ക്ക് ഒന്നര പോയിന്റുമാണുള്ളത്.















