ബീജിംഗ്: അമേരിക്കയ്ക്കെതിരെ പ്രത്യക്ഷ നടപടിയുമായി ചൈന രംഗത്ത്. തെക്ക്- പടിഞ്ഞാറന്‍ നഗരമായ ചെങ്ഡൂവിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം പൂട്ടാനാണ് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൂസ്റ്റണിലെ ചൈനീസ് നയതന്ത്രകാര്യാലയം പൂട്ടിച്ച അമേരിക്കയുടെ നടപടിയ്ക്ക് ബദലായാണ് ബീജിംഗിന്റെ നീക്കം. 1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ചെങ്ഡൂവിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ ആകെ 200 ജീവനക്കാരാണുള്ളത്. ടിബറ്റിനോട് അടുത്ത് കിടക്കുന്ന പ്രവിശ്യ എന്ന തന്ത്രപരമായ സ്ഥാനമാണ് ചെങ്ഡൂവിലെ കോണ്സുലേറ്റിനുള്ളത്.
അമേരിക്കയുടെ രഹസ്യവിവരങ്ങളും കൊറോണ വാക്സിന് നിര്‍മ്മാണ രഹസ്യങ്ങളും ഹാക്കുചെയ്തുവെന്ന് ആരോപിച്ചാണ് ഇന്നലെ ചൈനയ്ക്കെതിരെ നടപടി എടുത്തത്. രണ്ടു ചൈനീസ് പൗരന്മാരെ ഹാക്കിംഗിന്റെ പേരില്‍ അമേരിക്ക പിടികൂടിയതോടെ ട്രംപ് ഭരണകൂടം ശക്തമായ അന്താരാഷ്ട്ര നിയമനടപടികളിലേയ്ക്ക് നീങ്ങുകയായിരുന്നു.
അമേരിക്കയുടെ നടപടിയെ അവഹേളനപരവും അന്താരാഷ്ട്ര മര്യാദകളുടെ ലംഘനവുമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്നലെ വിശേഷിപ്പിച്ചിരുന്നു. നിലവിലെ അമേരിക്കയുടെ നീക്കങ്ങള്‍ ചൈന ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദിത്വം അമേരിക്ക ഏറ്റെടുക്കണമെന്നും ചൈന മു്ന്നറിയിപ്പും നല്‍കിയിരുന്നു.