മാഞ്ചസ്റ്റര്‍: കൊറോണ കാലത്തെ ആദ്യ ടെസ്റ്റ് പരമ്പരയിലെ നിര്‍ണ്ണായക മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറില്‍. ടോസ് നേടിയ കരീബിയന്‍ നിര ആതിഥേയരെ ബാറ്റിംഗിനയച്ചു. മുന്‍ നിരയെ തകര്‍ത്താണ് വെസ്ററിന്‍ഡീസ് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്തിയത്. എന്നാല്‍ മധ്യനിരയുടെ കരുത്തില്‍ ഇംഗ്ലണ്ട് മത്സരത്തിലേയ്ക്ക് തിരികെ വന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒലി പോപ്പിന്റെ (91 ) മികവിലും ജോസ് ബട്ടലറുടെ(56) മികച്ച പിന്തുണയിലും ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയിലാണ്. ഇംഗ്ലീഷ് ബാറ്റിംഗിന്റെ മുന്‍ നിരയില്‍ ഓപ്പണര്‍ ബേണ്‍സ്(57) മാത്രമാണ് പിടിച്ചുനിന്നത്. പോപ്പും ബ്ട്ട്ലറും പുറത്താകാതെ ക്രീസിലുണ്ട്. പോപ്പിന്റെ സെഞ്ച്വറി പ്രതീക്ഷയിലാണ് ആതിഥേയര്‍ രണ്ടാം ദിനം ഇറങ്ങുക.
ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ 20 റണ്‍സില്‍ ഒതുക്കുന്നതില്‍ കരീബിയന്‍ നിര വിജയിച്ചതാണ് ആദ്യദിനത്തിലെ പ്രത്യേകത. വെസ്റ്റീന്‍ഡീസ് ബൗളിംഗില്‍ കീമര്‍ റോച്ചാണ് ശക്തമായ പ്രഹരം ഏല്‍പ്പിച്ചത്. ആദ്യ രണ്ടു ടെസ്റ്റിലേയും വീറുറ്റ പ്രകടനം നടത്തിയ സിബ്ലിയേയും സ്റ്റോക്സിനേയും വീഴ്ത്തിയത് കീമര്‍ റോച്ചായിരുന്നു. 18 ഓവറില്‍ റോച്ച് 56 റണ്‍സിന് 2 വിക്കറ്റുകള്‍ വീഴ്ത്തി. ചെയ്സിനും ഒരു വിക്കറ്റ് ലഭിച്ചു.