ന്യൂഡല്‍ഹി: അമേരിക്കയുടെ അത്യാധുനിക ഡ്രോണുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. പ്രിഡേറ്റര്‍-ബി, ഗ്ലോബല്‍ ഹവ്ക് ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകളുടെ(യുഎവി) കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ അമേരിക്ക തീരുമാനിച്ചതോടെയാണ് ഇന്ത്യ യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്ന അത്യാധുനിക ആളില്ലാ ഡ്രോണുകള്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.
22 പ്രെഡേറ്റര്‍-ബി ഡ്രോണുകള്‍ ഇന്ത്യക്ക് നല്‍കുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 800 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമെന്നതാണ് പ്രെഡേറ്റര്‍-ബി, ഹോക്ക് ഡ്രോണുകളുടെ പ്രത്യേകത. ഗാര്ഡിയന് ഡ്രോണുകളുടെ വകഭേദമാണ് പ്രെഡേറ്റര്‍-ബി. ഗാര്‍ഡിയനില്‍ നിന്നും വ്യത്യസ്തമായി പ്രെഡേറ്ററില്‍ ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് സവിശേഷത. നാല് ഹെല് ഫയര്‍ മിസൈലുകളും 500 പൗണ്ട് വീതമുള്ള രണ്ട് ലേസര്‍ ഗൈഡഡ് ബോംബുകളും വഹിക്കാന്‍ ഇവക്ക് ശേഷിയുണ്ട്.
ഇന്ത്യക്ക് പുറമെ, അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളായ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കും ആളില്ലാ ഡ്രോണുകള്‍ നല്കാന് അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നു. അടുത്തിടെ, പാകിസ്താന് ചൈന തങ്ങളുടെ വിങ് ലൂങ് ഡ്രോണുകള്‍ നല്‍കിയിരുന്നു. 1,000 കിലോ ഗ്രാം ബോംബുകളോ ഭൂതല മിസൈലുകളോ വഹിക്കാന്‍ വിങ് ലൂങ് ഡ്രോണുകള്‍ക്ക് കഴിയും. ഈ സാഹചര്യത്തിലാണ് ഡ്രോണുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കാന്‍ അമേരിക്ക തീരുമാനിച്ചത്.