ലക്നൗ : ഗോരഖ്പൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹെലികോപ്ടറില്‍ സഞ്ചരിച്ചാണ് അദ്ദേഹം ഗോരഖ്പൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ ജില്ലയിലെ പകുതി പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.
പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി അധികൃതരുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവരുടെ വിശദാംശങ്ങള്‍ ഉടന്‍ നല്കാന് അദ്ദേഹം അധികൃതോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഷ്ടമുണ്ടായവര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്ന് യോഗി അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ച ശേഷം യോഗി ഗോരഖ്പൂരിലെ ലളിത് നാരായണ്‍ മിശ്ര റെയില്‍വേ ആശുപത്രിയും എയിംസ് ആശുപത്രിയും സന്ദര്‍ശിച്ചു. രണ്ട് ആശുപത്രികളിലെയും കൊറോണ ചികിത്സ സംബന്ധിച്ച സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തി. കൂടുതല്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാനായി എയിംസ് ആശുപത്രിയില്‍ 50 കിടക്കകള്‍ കൂടി സജ്ജീകരിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.