ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് നടത്തിപ്പിനായി ദുബായ് വേദിയാക്കാനുള്ള അപേക്ഷ ലഭിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. തീരുമാനം എത്രയും വേഗം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘ഐ.പി.എല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചു. ഭരണകൂടവുമായി വിഷയം സംസാരിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്മതം ലഭിച്ചാല്‍ അതിനനുസരിച്ച് മറ്റ് കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കും’ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുബാഷിര്‍ ഉസ്മാനി അറിയിച്ചു.
നിലവില്‍ വലിയൊരു ടൂര്ണ്ണെമെന്റുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് വിഷയങ്ങളാണ് മുന്നിലുള്ളത്. നിരവധി രാജ്യങ്ങളില്‍ നിന്നും താരങ്ങളെത്തുമെന്നതിനാല് അത്തരം കാര്യങ്ങളും തീരുമാനമാകേണ്ടതുണ്ടെന്നും ഉസ്മാനി പറഞ്ഞു. യു.എ.യിയിലെ ഐ.പി.എല്‍ മത്സരം നടത്താന്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ മൂന്ന് സ്പോര്‍ട്ട്സ് കൗണ്‍സിലുകളാണ് സംയുക്തമായി തീരുമാനം എടുക്കേണ്ടത്. ഇവര്‍ക്കൊപ്പം സുരക്ഷാ മന്ത്രാലയങ്ങളും വ്യോമയാന മന്ത്രാലയവും തീരുമാനങ്ങളെടുക്കണമെന്നും ഉസ്മാനി അറിയിച്ചു.
ഇതിനിടെ ഐ.പി.എല്‍ നടത്തിപ്പിന്റെ തീരുമാനമെടുക്കാനായി ബി.സി.സി.ഐ ഭാരവാഹികളും അടങ്ങുന്ന യോഗം ആഗസ്റ്റ് രണ്ടാം തീയതി നടത്തുമെന്നും സൂചനയുണ്ട്. സെപ്തംബര്‍ 19 മുതലാണ് ഇത്തവണത്തെ ഐ.പി.എല്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിജേഷ് പട്ടേല്‍ അറിയിച്ചു.