ന്യൂഡല്‍ഹി: ബംഗ്ലാദേശിന് തീവണ്ടിഗതാഗത രംഗത്ത് സഹായവുമായി ഇന്ത്യ. നിലവിലെ പഴയ എഞ്ചിനുകള്‍ മാറ്റാനായി പുതിയ പത്ത് തീവണ്ടി എഞ്ചിനുകളാണ് ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ സഹായം നല്‍കിയത്.
ബ്രോഡ് ഗേജ് പാതകള്‍ക്കായുള്ള ശക്തിയേറിയ എഞ്ചിനുകളാണ് കൈമാറിയത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സംയുക്തമായാണ് തീവണ്ടി എഞ്ചിനുകളുടെ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ചത്. കൊറോണ നിയന്ത്രണം കാരണം വെര്‍ച്വല്‍ ഉദ്ഘാടനമാണ് നടത്താന്‍ സാധിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിന്റെ ഭാഗത്തുന്നിന്ന് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മേമനും റെയില്‍വേ മന്ത്രി മുഹമ്മദ് സുജനുമാണ് പങ്കെടുത്തത്.
ഇന്ത്യയുടെ ‘അയല്പക്ക ബന്ധം ആദ്യം’ എന്ന വികസന നയമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതെന്ന് പീയുള് ഗോയല്‍ പറഞ്ഞു. നിലവില്‍ ബംഗ്ലാദേശിലേയക്ക് റോഡ് നിര്‍മ്മാണം, ഇന്ധന പൈപ്പ് ലയിന്‍ എന്നിവയിലെല്ലാം വലിയ തോതിലുള്ള സഹായമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ബംഗ്ലാദേശിന് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
വികസനത്തിലൂടെ പുതിയ സുവര്‍ണ്ണ അധ്യായമാണ് കുറിച്ചിരിക്കുന്നതെന്ന് വിദേശകാര്യന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വികസനപങ്കാളിത്തം ഏറെ മുന്നേറ്റമുണ്ടാക്കുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനായി ഇന്ത്യയുടെ തുറമുഖം ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍ വലിയ നേട്ടമാണ് കഴിഞ്ഞ രണ്ടുമാസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യ 7500 കോടി രൂപയുടെ മൂല്യമുള്ള സേവനമാണ് ബംഗ്ലാദേശിന് നല്‍കിക്കഴിഞ്ഞത്. ഇന്ത്യയുടെ സഹായത്താല്‍ ബംഗ്ലാദേശിന്റെ കയറ്റുമതിയില്‍ 43 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.