വാട്സാപ്പ് അക്കൗണ്ടുകൾ നിരന്തരമായി ഹാക്ക് ചെയ്യപ്പെടുന്നു എന്ന വാർത്ത ദിനം പ്രതി വർധിച്ചുവരികയാണ്. ഇതിനു ഒരു പ്രതിവിധിയായി വാട്സാപ്പ് അക്കൗണ്ടുകൾ പോലുള്ള സോഷ്യൽ മീഡിയകൾ കൂടുതൽ സുരക്ഷിതമാക്കാൻ കേരള പോലീസ് ചില നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വാട്സാപ്പ് അക്കൗണ്ടിൽ ടു ഫാക്ടർ ഓതന്റിക്കേഷൻ അഥവാ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടീവാകുന്നതോടെ നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാം എന്ന സന്ദേശമാണ് കേരള പോലീസ് ഫേസ്ബുക്കിൽ കുറിച്ചത്.
ടു ഫാക്ടർ ഓതന്റിക്കേഷൻ ആക്റ്റീവ് ചെയ്യുന്നതോടെ വാട്സാപ്പിൽ സെക്യൂരിറ്റി പിൻ ചേർക്കാമെന്നും പോലീസ് നിർദ്ദേശിച്ചു. വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറുന്നതിനു ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംവിധാനമാണ് വാട്സാപ്പ്. അതുകൊണ്ടു തന്നെ വാട്സാപ്പിന്റെ സുരക്ഷ ഉറപ്പാക്കുക എന്നത് ഏല്ലാവരുടേയും കടമയാണ്.
സാധാരണയായി മൊബൈൽ നമ്പർ നൽകിയതിന് ശേഷം ഒ ടി പി ഉപയോഗിച്ചാണ് വാട്സാപ്പ് ലോഗിൻ ചെയ്യാറുള്ളത്. എന്നാൽ ടു സ്റ്റെപ്പ് ഓതെന്റിക്കേഷൻ വഴി പാസ്വേർഡ്, പിൻ നമ്പർ, ഒ ടി പി ഉൾപ്പെടെ ഏതെങ്കിലും രണ്ടോ അതിലധികമോ സുരക്ഷാ സംവിധാനം ഉപയോഗിച്ചാണ് വാട്സാപ്പ് ലോഗിൻ ചെയ്യുക. അതുകൊണ്ട് തന്നെ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ഉപയോഗിച്ച് വാട്സാപ്പ് ലോഗിൻ ചെയ്യണമെന്നാണ് കേരള പോലീസ് നിർദ്ദേശിക്കുന്നത്.
ഇതിനായി ഫോണിൽ വാട്സാപ്പ് ഓപ്പൺ ചെയ്തതിനു ശേഷം വലതുവശത്തുള്ള മൂന്ന് കുത്തുകൾ ക്ലിക്ക് ചെയ്യുക. സെറ്റിങ്സിൽ പോയി അക്കൗണ്ട് ഓപ്ഷൻ സെലക്ട് ചെയ്യുക. അതിൽ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ഇനേബിൾ ചെയ്തശേഷം ഇഷ്ടമുള്ള സെക്യൂരിറ്റി പിൻ നൽകുക. ശേഷം നെക്സ്റ്റ് ഓപ്ഷൻ സെലക്ട് ചെയ്ത് ഇ-മെയിൽ വിലാസം നൽകി സേവ് ചെയ്യുക.