മലയാള നാട് ഒരുപാട് യുദ്ധങ്ങള്‍ക്ക് , പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരവധി യോദ്ധാകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അവരുടെ വീരഗാഥകള്‍ നമ്മള് ഇന്നും പാടിനടക്കാറുണ്ട്. പഴയ വീര ഓര്‍മ്മകളില്‍ നിര്‍വൃതി അണയാറുണ്ട്.
കേരളത്തിന്റെ യുദ്ധചരിത്രത്തില്‍ അമൂല്യ സ്ഥാനമുണ്ട് കായംകുളം വാളിന്. പണ്ട് കായംകുളം എന്ന നാട്ടു രാജ്യത്തിലെ രാജാക്കന്മാരും, നായര്‍ സമുദായത്തില്‍ പെട്ട പോരാളികളും ആണ് ഇത് ഉപയോഗിച്ചിരുന്നത്. ഓടനാട് രാജാവിന്റെ ധീരരായ പടയാളികളെ പറ്റി ചരിത്രം പ്രകീര്‍ത്തിച്ചിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ കൈവശമുള്ള കരുത്തുറ്റ ആയുധങ്ങള്‍ ആയിരുന്നു.അതില്‍ ഏറ്റവും മൂല്യമുണ്ടായിരുന്നതും എതിരാളികളെ അമ്പരപ്പിച്ചതും കായംകുളം വാള് ആയിരുന്നു. കണ്ടിയൂരിന് അടുത്തുള്ള കാട്ടുവള്ളില്‍ ജീവിച്ചിരുന്ന കൊല്ലന്മാരായിരുന്നത്രെ ഇത് പണിതിരുന്നത്. അവരാകട്ടെ ഇത് പണിയുന്ന വിധം രഹസ്യമാക്കി വെച്ചു.
ഒരേ സമയം ഇടത്തു നിന്നും വലത്തു നിന്നും വരുന്ന പ്രതിയോഗികളെ ആക്രമിക്കാന്‍ കഴിയുമായിരുന്നു കായംകുളം വാളിന് . മറ്റ് വാളുകളില്‍ നിന്നും വ്യത്യസ്തമായി ഇത് ഇരുവശവും മൂര്‍ച്ച ഉള്ളതാണ്. അതുപോലെ തന്നെ ഈ വാളിന്റെ നടുഭാഗത്ത് പിടിച്ച് ഇരുവശത്തേക്കും വീശാനും ഒരു വടി കണക്കെ ചുറ്റിക്കുവാനും പടയാളികള്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോഴും ഈ പ്രദേശത്തെ ചില പ്രശസ്തമായ നായര്‍ കുടുംബങ്ങളില്‍ തങ്ങളുടെ വീരന്മാരായ പൂര്‍വികരുടെ ഓര്‍മ്മക്കായി ഈ വാള് സൂക്ഷിച്ചുവെച്ചിരിക്കുന്നു. കൃഷ്ണപുരം കൊട്ടാരത്തിലും ഒരു കായംകുളം വാള് സൂക്ഷിച്ചിട്ടുണ്ട് . ഇരുവശവും മൂര്‍ച്ചയുള്ള , പണിയുന്ന വിധം രഹസ്യമാക്കിവെച്ച , ഓടനാട്ടിലെ നായര്‍ പടയാളികളെ ധീരന്മാര് ആക്കിയ കായംകുളം വാള് , നമ്മുടെ വീരചരിത്രത്തെ മാത്രമല്ല , ആ പടയാളികളുടെ ത്യാഗത്തെ കൂടി ഓര്‍മ്മിപ്പിക്കുന്നു .
Comments