ഉയരം കൂടുംതോറും പ്രകൃതിഭംഗിയും കൂടുന്നു എന്നതിന്റെ തെളിവാണ് ഇടുക്കി എന്നു പറയാതിരിക്കാനാവില്ല. മൂന്നാറും, വാഗമണും, തേക്കടിയും ചെറുതോണി-ഇടുക്കി ഡാമുകളും തുടങ്ങി ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുയന്ന ഒരുപാട് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇടുക്കിയിലുണ്ട് എന്നാല്‍ ഈ മലമുകളില്‍ എത്തുന്നവരെല്ലാം പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളും തേയിലത്തോട്ടങ്ങളും കണ്ടു മടങ്ങുമ്പോള്‍ കാണാതെ പോകുന്ന ചില സ്ഥലങ്ങളുണ്ട്. മനോഹരമായ അത്തരം സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
പാഞ്ചാലിമേട്: വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നു എന്ന ഐതിഹ്യമുള്ളതു കൊണ്ടാവണം ഈ പ്രദേശത്തി ഇങ്ങിനെയൊരു പേരു കിട്ടിയത്. കുട്ടികാനത്തിനു സമീപം സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കവാടവും പരന്നുകിടക്കുന്ന താഴ്‌വരയും കോടമഞ്ഞു മുതല്‍ വനവാസകാലത്ത് പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിച്ചിരുന്ന കല്ലുകള്‍, പാണ്ഡവ ക്ഷേത്രം, പാഞ്ചാലി കുളം എന്നിങ്ങനെയുള്ള വിശ്വാസംവരെ ഇവിടുത്തെ കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുന്നു.
പാല്‍ക്കുളമേട്: മൂവാറ്റുപുഴയ്‌ക്കടുത്ത് സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ് പാല്‍കുളമേട്. കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ 21 വളവുകള്‍ താണ്ടിയാല്‍ മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. എന്നാല്‍ ഇതിനു മുകളില്‍ നിന്നുള്ള ഇടുക്കി അതിസുന്ദരിയാണ്. കുറവന്‍ കുറത്തി മലനിരകളും ആനമുടിയും ഇവിടെ നിന്നും വളരെ നന്നായി കാണാനാകും. ഹൈക്കിംങ്ങും ട്രക്കിംങ്ങുമാണ് ഇവിടുത്തെ പ്രധാന വിനോദം.
ആനയിറങ്ങല്‍ഡാം: ചീനക്കനാലില്‍ നിന്നും 7 കിലോ മീറ്റര്‍ അകലെയാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വഞ്ചി യാത്ര വളരെ രസകരമാണ്. ഡാമില്‍ കയറുന്നതിനു പ്രവേശന ഫീസ് അടയ്‌ക്കേണ്ടതുണ്ട്. കണ്ണെത്താദൂരത്തോളം കാടുകളും ഇടയ്‌ക്കിടെ വെള്ളം കുടിക്കാനായി ഇറങ്ങുന്ന കാട്ടാനകളെയും ഇവിടെ കാണാന്‍ സാധിക്കും.
തൂവാനം: മൂന്നാറില്‍ തന്നെയുള്ള ചിന്നാര്‍ വന്യജീവി കേന്ദ്രത്തില്‍ ഉള്ളിലെ പാമ്പാറിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത. 84 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു. വെള്ളച്ചാട്ടം കാണുന്നതോടൊപ്പം ട്രെക്കിങ്ങും ഇവിടെ ലഭ്യമാണ്. കാട്ടിനുള്ളില്‍ താമസിക്കാനുള്ള സൗകര്യവുമുണ്ട് വെള്ളിക്കൊലുസിലെ മണികള്‍പ്പോലെ ഒഴുകിയെത്തുന്നതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് തൂവാനം എന്ന പേരുവന്നത്.
കേരളത്തില്‍ ഒരുപാട് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഇടുക്കിയില്‍ വരാത്തവരായി ആരുമുണ്ടാകില്ല എന്നാല്‍ ഇനി ഇടുക്കിയില്‍ വന്നു മടങ്ങുമ്പോള്‍ ഈ സ്ഥലങ്ങള്‍ കൂടി ഒന്ന് ശ്രദ്ധയില്‍ വെക്കണം.
Comments