ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് നാവികസേന. ചൈനയ്‌ക്കെതിരായ സംഘര്‍ഷ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുന്ന കര, വ്യോമ സേനകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് നാവികസേനയുടെ നീക്കം. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധക്കപ്പലുകളുടെ വിന്യാസം വര്‍ദ്ധിപ്പിച്ചത്. 25ശതമാനത്തോളം യുദ്ധക്കപ്പലുകള്‍ അധികമായി മേഖലയില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കുന്നതിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന മേഖലകളില്‍ കപ്പലുകള്‍ വിന്യസിച്ചത്. ബംഗാള്‍ ഉള്‍ക്കടല്‍, മലാക്ക കടലിടുക്ക്, ആന്‍ഡമാന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യപ്രദേശം, ഗള്‍ഫ് ഓഫ് ഏദന്‍, പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവിടങ്ങളില്‍ എല്ലാ സമയത്തും തന്നെ നാവികസേനയുടെ കപ്പലുകള്‍ പട്രോളിംഗ് നടത്തുന്നുണ്ട്. ഇത് കൂടാതെ, സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ കടന്ന് പോകുന്ന ഇന്ത്യയുടെ വ്യാപാര കപ്പലുകളുടെ സംരക്ഷണത്തിനായും ഒരു യുദ്ധക്കപ്പല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2019 ജൂണിലാണ് ഓപ്പറേഷന്‍ സങ്കല്‍പ്പിന്റെ ഭാഗമായി ഇത് ഇവിടെ വിന്യസിച്ചത്.
ലഡാക്കില്‍ ചൈനീസ് സൈനികര്‍ നടത്തിയ കടന്നു കയറ്റ ശ്രമങ്ങള്‍ക്ക് പിന്നാലെ കര-വ്യോമ-നാവിക സേന മേധാവിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ എല്ലാ രീതിയിലും ശക്തമാക്കുന്നതിനും അന്ന് തീരുമാനമായിരുന്നു. നിലവില്‍ തന്ത്രപ്രധാന മേഖലകളിലെല്ലാം ചൈനയ്‌ക്കെതിരെ നാവികസേനയ്‌ക്ക് മേല്‍ക്കൈ ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെക്കുറിച്ച് പൂര്‍ണമായും അറിയുന്നതിനാലാണ്, കൃത്യമായ ലക്ഷ്യത്തോടെ പ്രദേശത്തെ യുദ്ധക്കപ്പലുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിരീക്ഷണ വിമാനങ്ങള്‍, മറ്റ് അത്യന്താധുനിക സംവിധാനങ്ങള്‍ മുതലായവയും യുദ്ധക്കപ്പലുകളില്‍ ക്രമീകരിച്ചിട്ടുണ്ട്. 20ഓളം സര്‍ക്കാര്‍ ഏജന്‍സികളെയും കൂടി ഏകോപിപ്പിച്ചാണ് നാവികസേന തീരത്തിനടുത്തുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. 26/11 പോലുള്ള സംഭവങ്ങള്‍ തടയുന്നതിന് ഇത് സഹായകമാകുമെന്നാണ് നാവികസേന വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂണില്‍ ഓസ്‌ട്രേലിയയുമായി മൂച്വല്‍ ലോജിസ്റ്റിക് സപ്പോര്‍ട് എജിഗ്രിമെന്റില്‍ ഇന്ത്യ ഒപ്പ് വച്ചതോടെ സമുദ്ര മേഖലയില്‍ പലയിടങ്ങളിലേക്കും നാവികസേനയ്‌ക്ക് കടന്ന് ചെല്ലുന്നതിനുള്ള അവകാശം ലഭിച്ചിട്ടുണ്ട്. തന്ത്രപ്രധാന മേഖലയായ കൊക്കോസ്, കീലിംഗ് ദ്വീപ് എന്നിവിടങ്ങളിലേക്ക് ഈ എഗ്രിമെന്റിന്റെ സഹായത്തോടെ നാവികസേനയ്‌ക്ക് പ്രവേശനം ലഭിച്ചു. ഇതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്ന ചൈനയുടെ കപ്പലുകളേയും അന്തര്‍വാഹിനികളേയും നിരീക്ഷിക്കാന്‍ വ്യോമ-നാവിക സേനകള്‍ക്ക് സാധിക്കും. ഇന്ത്യന്‍ കപ്പലുകള്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് പോലെ ഓസ്‌ട്രേലിയന്‍ കപ്പലുകള്‍ക്ക് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലേക്കും, ദക്ഷിണ ചൈന കടലിലേക്കും കടക്കാന്‍ കരാര്‍ അനുവദിക്കുന്നുണ്ട്.
ഗല്‍വാനിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ചൈനക്കെതിരെ ശക്തമായ താക്കീത് നല്‍കി വിദേശ നാവികസേനയുടെ പിന്തുണയോടെ നാല് സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങളും ഇന്ത്യ നടത്തിയിരുന്നു. ഇന്ത്യയും ഇന്തൊനേഷ്യയും സംയുക്തമായി സമുദ്രാതിര്‍ത്തിയില്‍ കപ്പലുകളുടേയും വിമാനങ്ങളുടേയും അഭ്യാസപ്രകടനം നടത്തിയിരുന്നു. ഇതിന് പുറമെ ജാപ്പനീസ്-ഇന്ത്യന്‍ നേവി കപ്പലുകളും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അതിര്‍ത്തിയില്‍ സംയുക്ത അഭ്യാസം നടത്തിയിരുന്നു. ഇതിന് പുറമെ ഫ്രഞ്ച് നാവികസേനയുമായും ഇന്ത്യയുടെ സംയുക്ത സൈനിക പ്രകടനം ഉണ്ടായിരുന്നു. അടുത്തിടെ വര്‍ദ്ധിച്ച് വരുന്ന ചൈനയുടെ കടന്ന് കയറ്റ നീക്കങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീത് കൂടിയായിരുന്നു ഓരോ അഭ്യാസങ്ങളും.















