അസുഖങ്ങള്‍ നമ്മെ തേടി വരുന്നത് അപ്രതീക്ഷിതമായാണ് എന്നാല്‍ നമ്മളിലേക്കെത്തി കഴിഞ്ഞാല്‍ അതിനെ പറഞ്ഞു വിടുന്ന കാര്യം അത്ര എളുപ്പവുമല്ല. ആളുകളില്‍ കൂടുതലായി കണ്ടു വരുന്ന ഒരു ക്യാന്‍സറാണ് ആമാശയ ക്യാന്‍സര്‍. ഇന്ത്യയില്‍ അസുഖം കുറവാണെങ്കിലും കേരളത്തില്‍ താരതമ്യേന കൂടുതലായാണ് കാണുന്നത്. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ആമാശയ ക്യാന്‍സര്‍. എന്നാലിത് തുടക്കത്തില്‍ മനസ്സിലാക്കാന്‍ കഴിയാതെ വന്നാല്‍ പ്രയാസവുമാണ്.
ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് ആമാശയ കാന്‍സറിനു പ്രധാന കാരണം. പുകവലി, മറ്റു പുകയില വസ്തുക്കളുടെ ഉപയോഗം എന്നിവയും ആമാശയ ക്യാന്‍സറിന് കാരണമാകുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുകയില്ല. വയറുവേദന, കാളിച്ച എന്നീ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അത് അസിഡിറ്റിയാണെന്ന് കരുതി നാം മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ജലൂസില്‍ പോലുള്ള മരുന്നുകള്‍ വാങ്ങി ഉപയോഗിക്കുന്നു. ശക്തമായ വയറു വേദന, നിര്‍ത്താതെ ഉള്ള ഛര്‍ദ്ദി ,അകാരണമായ ശരീരം മെലിച്ചില്‍ എന്നിവ ആമാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. കൂടാതെ വയറ്റില്‍ നിന്നും മലത്തോടൊപ്പം രക്തം പോകുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.
രണ്ട് ഘട്ടമായാണ് ആമാശയ കാന്‍സറിനുളള ചികിത്സ. എൻഡോ സ്‌ക്കോപ്പി ചെയ്ത് ബയോക്‌സി ടെസ്റ്റിന് അയക്കുന്നു. ടെസ്റ്റ് പോസിറ്റീവ് ആയാല്‍ രണ്ടാംഘട്ട ചികിത്സയായി സി റ്റി സ്‌കാന്‍ ചെയ്തു മുഴയുടെ പഴക്കവും വലിപ്പവും മനസ്സിലാക്കുന്നു. അതിനനുസരിച്ചാണ് തുടര്‍ന്നുളള ചികിത്സ നടത്തുക. ആദ്യ ഘട്ടമാണെങ്കില്‍ നൂറുശതമാനവും ചികിത്സിച്ച് മാറ്റാവുന്നതാണ്. നില വഷളായി കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ പ്രയാസമാണ്. വയറിനുളളില്‍ ഏതുതരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാലും സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണുകയും വിശദമായ പരിശോധന നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.















