കേരളത്തെ സംബന്ധിച്ചിടത്തോളം കൊറോണ പ്രതിസന്ധിക്കൊപ്പം പ്രളയ സാധ്യതകളും വളരെ കൂടുതലാണ്. കേരളത്തിന്റെ പല ഭാഗത്തും വെള്ളം കയറിയ സാഹചര്യത്തിൽ ആളുകളുടെ സംരക്ഷണത്തിനായി ദുരിതാശ്വസ ക്യാമ്പുകൾ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്. അതിൽ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ദുരിതാശ്വാസ ക്യാമ്പിൽ കൂട്ടമായി ആളുകൾ താമസിക്കേണ്ടി വരുമ്പോൾ സാമൂഹിക അകലം പാലിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് ക്യാമ്പുകളിൽ താമസിക്കുന്ന ആളുകളുടെ എണ്ണം പരമാവധി ചുരുക്കുക. അതുപോലെ ക്യാമ്പിൽ താമസിക്കുന്നവർ മാസ്‌ക്കുകൾ നിർബന്ധമായി ഉപയോഗിക്കുക. ക്യാമ്പുകളിൽ കൂട്ടം കൂടി നിൽക്കൽ, അനാവശ്യമായി പുറത്തു പോയി വരുന്നത് എന്നിവ ഒഴിവാക്കുക.
ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ ശുചിമുറിയാണ് മറ്റൊരു പ്രധാന വെല്ലുവിളി. പൊതുവായി ശുചിമുറി ഉപയോഗിക്കുമ്പോൾ കൊറോണ വൈറസ് പകരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഉള്ള സൗകര്യങ്ങൾ വെച്ച് വ്യക്തി ശുചിത്വം പാലിക്കുക. സോപ്പും, ശുദ്ധജലവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. അണുനാശിനി ഉപയോഗിച്ച് ശുചിമുറി വൃത്തിയാക്കുക.
ക്വാറന്റീനിൽ കഴിയുന്നവർ, പ്രായമായവർ, മുലയൂട്ടുന്ന അമ്മമാർ, കുഞ്ഞുങ്ങൾ, മറ്റു രോഗികൾ ഇവർക്കെല്ലാം ക്യാമ്പിൽ പ്രത്യേകം സൗകര്യം ഒരുക്കണം. ക്യാമ്പിന്റെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ പി പി ഇ കിറ്റുപോലുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. ക്യാമ്പിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് എത്തുമ്പോൾ ഉപയോഗിച്ച വസ്ത്രങ്ങൾ നന്നായി വൃത്തിയാക്കി കുളിച്ച് ശുദ്ധിയായതിനു ശേഷം മാത്രം ആളുകളുമായി ഇടപെടുക. ക്വാറന്റീനിൽ കഴിയുന്നവരോ, കൊറോണ ബാധിതരുള്ള വീട്ടിൽ നിന്നുള്ളവരോ ഇത്തരം സാമൂഹിക പ്രവർത്തങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കണം















