ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദേശ കമ്പനികളുടെ സഹായത്തോടെ തദ്ദേശീയമായി അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ആറ് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. 42,000 കോടി രൂപയുടെ പ്രതിരോധ പദ്ധതിയാണിത്.
അടുത്ത മാസം അന്തര്‍ വാഹിനി നിര്‍മ്മാണത്തിന് ടെന്‍ഡര്‍ പുറപ്പെടുവിക്കും. പ്രൊജക്ട് 75 ഐ എന്നാണ് അന്തര്‍വാഹിനി നിര്‍മ്മാണത്തിന് പേരിട്ടിരിക്കുന്നത്. പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള നസഗോണ് ഡോക്ക്സ് ലിമിറ്റഡ്, സ്വകാര്യ കപ്പല്‍ നിര്‍മ്മാതാക്കളായ എല്‍ ആന്‍ഡ് ടി എന്നീ കമ്പനികളില്‍ നിന്നാണ് താത്പര്യ പത്രം ക്ഷണിക്കുന്നത്. ആയുധങ്ങളുടെ തദ്ദേശീയവത്കരണത്തിനായി 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സ്ട്രാറ്റെജിക് പോളിസി പ്രകാരമാണ് അന്തര്‍ വാഹിനി നിര്‍മ്മിക്കുക. പോളിസി പ്രകാരം നടപ്പിലാക്കുന്ന ആദ്യ പദ്ധതിയാണിത്.
റഷ്യയിലെ റൂബിന് ഡിസൈന്‍ ബ്യൂറോ, ഫ്രാന്‍സിലെ ഡിസിഎന്‍എസ്, ജര്‍മ്മനിയിലെ തൈസന്‍ക്രൂപ്പ് മറൈന്‍ സിസ്റ്റം, സ്പെയ്നിലെ നവന്തിയ, ദക്ഷിണ കൊറിയന്‍ കമ്പനിയായ ദീവു എന്നിവയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിലുള്ള കമ്പനികള്‍. 2021- 2022 വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരമുള്ള കരാര്‍ ഒപ്പിടുമെന്നാണ് വിവരം. ആറ് ന്യൂക്ലിയാര്‍ അറ്റാക്ക് അന്തര്‍ വാഹിനികള്‍, ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള നാല് ആണവ അന്തര്‍വാഹിനികള്‍ എന്നിവയും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments