ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയുടെ ഭാഗമായി സായുധ സേനയ്ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്കി. സേനക്കായി 8722.38 കോടി രൂപയുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളുമാണ് വാങ്ങുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ മുന്‍നിര്‍ത്തി തദ്ദേശീയമായി വികസിപ്പിക്കുന്ന ആയുധങ്ങളാണ് സൈന്യത്തിന്റെ ഭാഗമാകുക. വ്യോമസേനയുടെ പരിശീലനങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച 106 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് (എച്ച്ടിടി-40) വാങ്ങാനും തീരുമാനമായിട്ടുണ്ട്. 70 എണ്ണമാണ് ആദ്യം വാങ്ങുക. ഇവ പരീക്ഷിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 36 എണ്ണം കൂടി വാങ്ങും.
നാവിക സേനയുടെ ശക്തി മെച്ചപ്പെടുത്തുന്നതിനു ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് (എസ്ആര്ജിഎം) വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന എസ്ആര്ജിഎമ്മിന്റെ നവീകരിച്ച പതിപ്പാണിത്. മിസൈലുകള്‍, ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകള്‍ എന്നിവപോലുള്ള അതിവേഗ ആകമണങ്ങളെ പ്രതിരോധിക്കാന്‍ ഇവയ്ക്കു കഴിയും.
ഇതിനു പുറമെ സൈന്യത്തിന് 125 എംഎം ആര്‍മര്‍ പിയേഴ്സിംഗ് ഫിന് സ്റ്റെബിലൈസ്ഡ് ഡിസ്കാര്ഡിംഗ് സാബോട്ട് (എപിഎഫ്എസ്ഡിഎസ്) വെടിക്കോപ്പുള്‍, എകെ-203 റൈഫിളുകള്‍, അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍(യുഎവി) എന്നിവ വാങ്ങാനും ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍(ഡിഎസി) അനുമതി നല്‍കിയിട്ടുണ്ട്.
Comments