കൊച്ചി∙ സ്വർണക്കടത്തുകേസിൽ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിന്റെയും സെയ്തലവിയുടയും ജാമ്യാപേക്ഷ കോടതി തള്ളി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യ ഹർജി തള്ളിയത് .നിലവിലെ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
രാജ്യാന്തര ബന്ധമുള്ള കേസാണിതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. വിദേശത്തു നിന്നും കേസുമായി ബന്ധപ്പെട്ട് പ്രതികൾ അറസ്റ്റിലാകാനുണ്ട്. വിദേശത്തു നിന്നുള്ള പ്രതികളെ അറസ്റ്റു ചെയ്യുന്നതുവരെ മറ്റ് പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തി വന്നത്. പലർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വർണം കടത്തുകയായിരുന്നു എന്നാണ് കസ്റ്റംസിന്റെ മറ്റൊരു വാദം. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് എൻഐഎ കേസ്സെടുത്തത്. സ്വപ്ന ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയും തള്ളിയിരുന്നു. സ്വപ്നയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും യുഎപിഎ നിലനിൽക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി ജാമ്യഹർജി തള്ളിയത്.
Comments