കൊറോണ ജാഗ്രത നിർദ്ദേശങ്ങൾ രവിവർമ ചിത്രങ്ങളുമായി സമന്വയിപ്പിച്ചു നടത്തിയ ഫോട്ടോഷൂട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനം ദിനം പ്രതി വർധിച്ചു വരുമ്പോൾ ബോധവൽക്കരണം വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സിനിമ സംവിധായകൻ ജിബിൻ ജോർജ് ജെയിംസ്. രവിവർമ ചിത്രങ്ങളിലൂടെ കൊറോണ കാലത്ത് നാം കൈവരിച്ച ജീവിത ചര്യങ്ങളാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ആശയം.
‘അതാ അച്ഛൻ വരുന്നു’, ‘നിലാവത്ത് ഇരിക്കുന്ന വനിത’, ‘ഫലമേന്തിയ സ്ത്രീ’ എന്നീ രവിവർമ്മയുടെ മൂന്നു പെയിന്റിങ്ങുകളെ ആസ്പദമാക്കിയിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അച്ഛൻ വരുമ്പോൾ കൈ കഴുകുവാനായി സോപ്പും സാനിറ്റൈസറും തളികയിൽ വെച്ച് മകനെ ഒക്കത്തിരിത്തിയിരിക്കുന്ന അമ്മയാണ് ‘അതാ അച്ഛൻ വരുന്നു’ എന്ന ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒപ്പം പാതി മറഞ്ഞു കിടക്കുന്ന ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറിനെയും പശ്ചാത്തലത്തിൽ കാണാം.
‘നിലാവത്ത് ഇരിക്കുന്ന വനിത’ എന്ന ചിത്രത്തിൽ നിലാവത്ത് മാസ്ക് ധരിച്ചിരിക്കുന്ന സ്ത്രീയെ കാണാം. മാസ്കിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന ചിത്രത്തിൽ ‘ശ്രദ്ധിക്കുക, സ്ത്രീകൾ ഇറങ്ങി കുളത്തിലെ ജലം അശുദ്ധമാക്കരുത്. കന്നുകാലികളെ കുളിപ്പിക്കരുത്’ എന്ന ബോർഡും കാണാം.
‘ഫലമേന്തിയ സ്ത്രീ’ എന്ന ചിത്രത്തിൽ ഫലത്തിനു പകരം സാനിറ്റൈസർ കൈയിൽ പിടിച്ചു നിൽക്കുന്ന സ്ത്രീയെയാണ് കാണാൻ കഴിയുന്നത്. ഒപ്പം തൂങ്ങി കിടക്കുന്ന നാരങ്ങയും മുളകും ഫോട്ടോയിൽ കാണാൻ സാധിക്കും.
കൊറോണ ബോധവൽക്കരണമാണ് ഈ ഫോട്ടോഷൂട്ടിന്റെ പ്രധാന ആശയമെങ്കിലും, വർത്തമാന കാലത്തിലെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ നിലപാടിനെ കുറിച്ചും ഓരോ ഫോട്ടോയിലും ചൂണ്ടി കാണിക്കുന്നുണ്ട്. സിനിമ സീരിയൽ താരം ആർദ്ര ദാസാണ് ഫോട്ടോഷൂട്ടിൽ മോഡലായിരിക്കുന്നത്.
Comments