കൊറോണ കാലമായതുകൊണ്ട് സ്മാർട്ട് ഫോണിന്റേയും കമ്പ്യൂട്ടറിന്റേയും ഉപയോഗം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.വർക്ക് ഫ്രം ഹോമും, ഓൺലൈൻ ക്ലാസ്സുമൊക്കെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ദീർഘനേരം കംപ്യൂട്ടറിന്റേയും ഫോണിന്റെയും മുൻപിൽ ചിലവിടാൻ നിർബന്ധിതരാവുകയാണ്. ഡിജിറ്റൽ മാദ്ധ്യമങ്ങൾ ഒരുപാട് സമയം ഉപയോഗിക്കുമ്പോൾ തീർച്ചയായും അത് കണ്ണിന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ട്.
കണ്ണിനു സംഭവിക്കുന്ന കാഴ്‌ച്ച കുറവും, തലവേദനയും ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്. ഇന്നത്തെ തലമുറയിൽപ്പെട്ട ഒരുവിധം എല്ലാ ആളുകൾക്കും കണ്ണാടിയുണ്ട്. സ്കൂളിൽ പഠിക്കുന്ന അഞ്ചും, ആറും വയസ്സായവർക്കു വരെ കാഴ്‌ച്ച കുറവു കാരണം കണ്ണാടി ഉപയോഗിക്കേണ്ട അവസ്ഥയാണ്. അതുപോലെ കണ്ണുകളുടെ ആയാസം, വസ്തുക്കളെ രണ്ടായി കാണൽ, കാഴ്ചയ്‌ക്കുള്ള അവ്യക്തത തുടങ്ങിയവ ഇന്ന് മിക്കവരുടെയും അനുഭവങ്ങളാണ്.
ഇന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ ഒഴിച്ചുകൂടാനാവാത്ത വസ്തുക്കളാണ്. ഡിജിറ്റൽ വിപ്ലവം നടക്കുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യം നിലനിർത്തുക എന്നത് എല്ലാവരുടെയും ആവശ്യമാണ്. കണ്ണിന്റെ ആരോഗ്യത്തിനായി വ്യായാമം ചെയ്യുക എന്നതാണ് ഇതിനു ഒരു പോംവഴി.
പെൻസിൽ പുഷ് അപ്പ് എന്ന വ്യായാമം കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.പെൻസിൽ പുഷ് അപ്പ് ചെയ്യുവാനായി സൗകര്യപ്രദമായ ഒരു സ്ഥലത്ത് നിൽക്കുക. ശേഷം ഒരു പെൻസിൽ കയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന്റെ മുന്നിലായി കൈകളുടെ നീളത്തിൽ നീട്ടിപിടിക്കുക. പെൻസിലിന്റെ അഗ്രഭാഗത്തായിരിക്കണം മുഴുവൻ ഫോക്കസ്. തുടർന്ന് പെൻസിൽ പതുക്കെ മൂക്കിനടുത്തേക്ക് കൊണ്ടുവരിക. പെൻസിൽ അവ്യക്തമായി കാണുന്നുണ്ടെങ്കിൽ വീണ്ടും പഴയ പൊസിഷനിൽ നിർത്തുക. ശേഷം വീണ്ടും മൂക്കിനടുത്തേക്ക് കൊണ്ടുവരിക. ഈ പരിശീലനം കണ്ണിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും.















