ആഭരണങ്ങളോടുള്ള കമ്പം ഒരു കാലത്തും കുറയില്ല പെണ്‍മനസുകള്‍ക്ക് . പൊന്നിന്‍റെ വില മുകളിലേക്ക് കുതിക്കുമ്പോഴും ആഭരണക്കടകള്‍ ആഭരണപ്രേമികളെ കൊണ്ട് നിറയുന്നു. ഫാഷനുകളും ട്രെന്‍ഡുകളും മാറിമാറി വന്നപ്പോഴും തിളക്കം അല്‍പ്പം പോലും മങ്ങാതെ കേരളത്തിന്‍റെ പരമ്പരാഗത ആഭരണങ്ങള്‍ വിലസുന്നു.
കേരളത്തിന്‍റെ പരമ്പരാഗത ആഭരണങ്ങളെല്ലാം കരവിരുതിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്. സൂക്ഷ്മമായ ചിത്രപ്പണികളോട് കൂടി വരുന്ന ഇത്തരം ആഭരണങ്ങള്‍ മലയാളി മങ്കമാര്‍ വിശേഷദിവസങ്ങളിലെല്ലാം അണിഞ്ഞു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആഭരണ പണികളില്‍ ഒന്നാണ് നാഗപടത്താലി . നാഗത്തിന്‍റെ പത്തിയെ ഓര്‍മപ്പെടുത്തുന്ന അലങ്കാരപ്പണിയാണ് ഇതില്‍ ചെയ്യുക. പച്ച കല്ലുകള്‍ സ്വര്‍ണത്തില്‍ കെട്ടിയ നാഗപടത്താലി പണ്ടുള്ള സ്ത്രീകളുടെ ഒരു ഇഷ്ട ആഭരണമായിരുന്നു .
കാശുമാലയാകട്ടെ ഒരുപാട് ‘കാശ്’ അഥവാ സ്വര്‍ണനാണയങ്ങള്‍ അടുക്കി കോര്‍ത്തുണ്ടാക്കിയ മാലയാണ് . ഈ നാണയങ്ങളില്‍ സാധാരണയായി ദൈവങ്ങളുടെ രൂപം കൊത്തിവെക്കാറുണ്ട് . ലക്ഷ്മി മാല എന്നും ഇതറിയപ്പെടാറുണ്ട് . കുറെ ചെറിയ പച്ചിലകള്‍ നിരത്തി കോര്‍ത്ത് വെച്ചതുപോലെ തോന്നും പാലക്ക മാല കണ്ടാല്‍ . അതിന്‍റെ അതിരുകളില്‍ സ്വര്‍ണം കൂടി കെട്ടുമ്പോള്‍ എടുപ്പ് വര്‍ധിക്കുന്നു. സാധാരണയായി പച്ച കല്ലുകള്‍ ആണ് ഇതില്‍ ഉപയോഗിക്കുക. എങ്കിലും ഇപ്പോള്‍ മറ്റ് നിറത്തിലുള്ള കല്ലുകളും ഇതിലുപയോഗിക്കുന്നതായി കാണാറുണ്ട്.
പൂത്താലിയില്‍ പക്ഷേ കല്ലുകളുടെ ഉപയോഗം കുറവാണ്. ദീര്‍ഘചതുരാകൃതിയിലുള്ള അടുക്കുകള്‍ നിരത്തി വെച്ചതാണ് പൂത്താലി. ഓരോ ചതുരത്തിലും ഇലകളുടേയോ പൂക്കളുടേയോ രൂപങ്ങളും കൊത്തിവെയ്കാറുണ്ട്. ചെറിയ സ്വര്‍ണ തൊങ്ങലുകള്‍ കൂടി പിടിപ്പിച്ച പൂത്താലി കാഴ്ചയ്‌ക്ക് ഒരു അഴക് തന്നെയാണ് .
അഗ്രം വളഞ്ഞു ഒരു മാങ്ങയെ ഓര്‍മിപ്പിക്കുന്ന ചെറിയ പതക്കങ്ങള്‍ കോര്‍ത്തിണക്കിയ മാലയാണ് മാങ്ങ മാല . പച്ച കല്ലുകളാണ് ഇതിന് സാധാരണയായി ഉപയോഗിക്കാറുള്ളത് . മുല്ല മൊട്ട് മാലയാകട്ടെ സ്വര്‍ണം കൊണ്ട് തീര്‍ത്ത മുല്ല മൊട്ടുകള്‍ അടുക്കി കെട്ടിവെച്ചതാണെന്ന് തോന്നിപ്പോകും കണ്ടാല്‍ . സ്വര്‍ണം കെട്ടിയ കറുത്ത മണികള്‍ കോര്‍ത്തിണക്കിയതാണ് കരിമണിമാല .
അഷ്ടലക്ഷ്മി വള സൗന്ദര്യത്തിന്‍റേ മാത്രമല്ല ഐശ്വര്യത്തിന്‍റെ കൂടെ പ്രതിരൂപമാകുന്നു. ലക്ഷ്മി ദേവിയുടെ എട്ട് ഭാവങ്ങളെ കൊത്തിവെച്ചതാണ് അഷ്ടലക്ഷ്മി വള. കുഴല്‍ മാല , രാശി താലി, കട്ടി കാപ്പ് , പതക്കം അങ്ങനെ കേരളം ആമാട പെട്ടിയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ ഏറെ . പഴമയുടെ ഈ ആഭരണങ്ങള്‍ എടുത്ത് നോക്കുമ്പോള്‍ ഒന്ന് നമുക്ക് മനസിലാകും . തട്ടാന്‍ ഊതി കാച്ചിയ പൊന്നില്‍ അവന്‍ ചുറ്റും കണ്ട പ്രകൃതി ഉണ്ടായിരുന്നു , അവന്‍റെ വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു , പ്രത്യാശയും ഉണ്ടായിരുന്നു.















