സ്ത്രീ ആരെണെന്നതിന് ഒരുപാട് നിര്‍വചനങ്ങള്‍ കേട്ടിട്ടുണ്ട്. കവികള്‍ക്ക് അവള്‍ പ്രകൃതിയായിരുന്നു. ജനിച്ചുവീണ കുഞ്ഞിന് അവള്‍ ഉയിര് പിടിച്ചുനിര്‍ത്തുന്ന , അമൃത് നല്‍കുന്ന ദൈവമായി . കാമം മാത്രം നിറഞ്ഞ ചില കണ്ണുകളില്‍ അവള്‍ വെറും ഉടല്‍ മാത്രമായി. സമൂഹത്തില്‍ എളുപ്പത്തില്‍ അവഹേളിക്കാന്‍ കഴിയുന്ന , നിശബ്ദയാക്കാന്‍ കഴിയുന്ന ഒരാളാണ് സ്ത്രീയെന്ന് പലരും കരുതുന്നു. കാലം മുന്നോട്ട് പോയി . അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് വന്ന സ്ത്രീകള്‍ അടുക്കളയിലും അരങ്ങിലും അപമാനിതരാകുന്നു . സ്വതന്ത്രയാവാന്‍ സമ്പാദിച്ചു തുടങ്ങിയ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നു . അവള്‍ എതിര്‍ക്കുകയും , തടയുകയും, കയര്‍ക്കുകയും ചെയ്തിട്ടും അടിച്ചമര്‍ത്തലുകള്‍ തുടര്‍ക്കഥയാകുന്നു . ഇത് എന്ന് തുടങ്ങിയതാവും?ഇത് എന്നവസാനിക്കും ? ഇന്നവസാനിക്കില്ല എന്നറിയാം . നാളെ ? അറിയില്ല….
115 വര്‍ഷങ്ങള്‍ക്ക് മുന്‍പ് , കൃത്യമായി പറഞ്ഞാല്‍ 1905 ജൂലായ് 15 നു അതുവരെ നാലുകെട്ടിന്‍റെ ഇരുട്ടിലെവിടേയോ നിശബ്ദയായി കഴിഞ്ഞ ഒരു അന്തര്‍ജനം നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്ത് വന്നു. അവര്‍ അവരെ ഉപയോഗിച്ച, ചൂഷണം ചെയ്ത 65 ആളുകളുടെ പേര് വിളിച്ച് പറഞ്ഞു . സമൂഹം അതുവരെ ബഹുമാനിച്ചിരുന്ന , ആരാധിച്ചിരുന്ന 65 വിഗ്രഹങ്ങള്‍ ആ നിമിഷം സാംസ്കാരിക കേരളത്തിന്‍റെ മാറില്‍ വീണുടഞ്ഞു പോയി .
കല്‍പ്പകശേരി ഇല്ലത്തെ അഷ്ടമൂര്‍ത്തി നമ്പൂതിരിയുടെ മകള്‍ ആയിരുന്നു അവര്‍. എയ്യാല്‍ ചെമ്മന്തിട്ട കുറിയേടത്തേക്ക് വേളി കഴിച്ചു കൊണ്ടുവന്ന താത്രി കുട്ടി – കുറിയേടത്ത് താത്രി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പല സ്ത്രീകളിലും കാണാന്‍ കഴിയാത്ത ഒരു അസാമാന്യ ധൈര്യം അവര്‍ക്കുണ്ടായിരുന്നു. അവരുടെ സ്മാര്‍ത്ത വിചാര നടപടികള്‍ കേരളത്തിലെ ചരിത്രത്തിന്‍റെ ഒരു ഏടായി . ചിലര്‍ക്ക് അവര്‍ അഹങ്കാരിയായ ഒരു ദുര്‍നടപ്പുകാരി , മറ്റ് ചിലര്‍ അവരെ ദൈവികപരിവേഷത്തോടെ കാണുന്നു . വേറെ ചിലര്‍ക്ക് അവര്‍ ഒരു ആദ്യകാല സ്ത്രീ പോരാളി .
താത്രി ആദ്യമായി ചൂഷണം ചെയ്യപ്പെടുന്നത് തന്‍റെ ഒന്‍പതാം വയസിലാണ് . പാട്ട് പഠിക്കാനായി ബന്ധു ഗൃഹമായ കുന്നംകുളത്തിനടുത്ത് ചെമ്മന്തിട്ട കുറിയേടത്ത് മനയില്‍ എത്തിയതായിരുന്നു അവര്‍. അവിടെവെച്ച് ഒരു ബന്ധു അവരെ പന്ത്രണ്ടു ദിവസം തുടര്‍ച്ചയായി കുളപ്പുരയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം അറിയാനിടയായ മറ്റ് പലരും അവളെ വീണ്ടും ചൂഷണം ചെയ്തു. പക്ഷേ പതിയെ പതിയെ ചൂഷണം ചെയ്തവരോടു അവള്‍ പാരിതോഷികം വാങ്ങി തുടങ്ങി . അവള്‍ക്കായി അവരില്‍ പലരും കൊടുത്തയച്ച പല പാരിതോഷികങ്ങളും വീട്ടുകാര്‍ അറിഞ്ഞുതന്നെയാണ് അവള്‍ കൈപ്പറ്റിയതെന്നും ഒരു അഭിപ്രായമുണ്ട് . അങ്ങനെയെങ്കില്‍ ആ ചൂഷണങ്ങള്‍ക്ക് നേരെ വീട്ടുകാരും കണ്ണടച്ചു എന്ന് വേണം കരുതാന്‍ .
കല്ല് വെച്ച മോതിരവും , കുഴലും , കസവ് പുടവയും മാത്രമല്ല , ‘ കല്‍പ്പകശേരി ഇല്ലത്ത് ഒരു കഥകളി നടത്തണം ‘ ‘ഇല്ലത്ത് അയ്യപ്പന്‍ പാട്ട് കഴിപ്പിച്ചു തരണം ‘ തുടങ്ങിയവയും അവര്‍ ആവശ്യപ്പെട്ട പാരിതോഷികങ്ങളായിരുന്നു . ഒരു മനുഷ്യ ജീവിക്ക് സഹജമായ ആഗ്രഹങ്ങളുള്ള , കലാസ്വാദകയായ ഒരാള്‍ . പക്ഷേ അവര്‍ ഒരു സ്ത്രീയായി പിറന്നത് കൊണ്ടും അന്തര്‍ജനമായി ജീവിച്ചതുകൊണ്ടും ആ ആഗ്രഹങ്ങള്‍ക്ക് നേരെ മറക്കുട പിടിക്കേണ്ടി വന്നിരിക്കാം . വെള്ള മാത്രം ഉടുത്ത്, അമ്പലദര്‍ശനത്തിനായി മാത്രം പുറത്തിറങ്ങി ഇല്ലത്തെ അകത്തളങ്ങളിലെ ഇരുട്ടില്‍ സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ബുദ്ധിമതിയായ ഒരു സ്ത്രീ, അവള്‍ നേരിട്ട ചൂഷണങ്ങളെ അവസരങ്ങളാക്കുകയായിരുന്നില്ലേ ?
അന്തര്‍ജനത്തിന്‍റെ ‘ അടുക്കള ദോഷത്തെ ‘ പറ്റി പരാതികളുയര്‍ന്നതോടെ അവര്‍ സ്മാര്‍ത്ത വിചാര നടപടികള്‍ ( സ്വരൂപം ചൊല്ലല്‍ ) നേരിടേണ്ടി വന്നു. സ്മാര്‍ത്ത വിചാരണ നേരിടുന്ന അന്തര്‍ജനം അവരുടെ നിരപരാധിത്വം തെളിയിക്കും വരെ ‘ സാധനം’ എന്നാണ് വിളിക്കപ്പെടുക . അവള്‍ക്ക് പേരും വ്യക്തിത്വവും നഷ്ടമാകും എന്നര്‍ത്ഥം . താത്രി കുറ്റങ്ങള്‍ നിഷേധിച്ചില്ല . തന്നെ ചൂഷണം ചെയ്തവരുടെ പേരുകള്‍ അവള്‍ സ്മാര്‍ത്തനോടു വിളിച്ച് പറഞ്ഞു. സമൂഹത്തിലെ നാനാതുറയില്‍ പെട്ട ആളുകള്‍ ഉണ്ടായിരുന്നു അതില്‍. 65 ആളുകളുടെ പേര് വിളിച്ച് പറഞ്ഞതോടെ തുടരാന്‍ അനുവദിക്കാതെ രാജാവ് വിചാരണ നിര്‍ത്തുകയായിരുന്നു. അപ്പോള്‍ താത്രി വിളിച്ചുപറയുമായിരുന്ന 66 മനും 67 മനും ഒക്കെ സമൂഹത്തിലെ എത്ര ഉന്നതിയില്‍ ഉള്ളവര്‍ ആയിരുന്നിരിക്കണം ! താത്രിയുള്‍പ്പടെ 66 പേര്‍ക്കു ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു.
സ്മാര്‍ത്ത വിചാരണയ്‌ക്ക് ശേഷം താത്രിക്ക് കൊച്ചി രാജാവ് ചാലക്കുടി പുഴയുടെ തീരത്ത് കരമൊഴിവാക്കി കുറച്ച് ഭൂമി പതിപ്പിച്ച് കൊടുത്തു എന്നാണ് കേട്ടിട്ടുള്ളത് . പക്ഷേ ഒരാഴ്ചയില്‍ കൂടുതല്‍ അവര്‍ അവിടെ താമസിക്കുകയുണ്ടായില്ല . പിന്നീട് താത്രി എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിവില്ല. അവര്‍ മദ്രാസിലേക്ക് പോയി എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഒന്നിനും തെളിവുകളില്ല. ഒരു സമൂഹത്തിന്‍റേ സാംസ്കാരിക ഘടനയെ പിടിച്ച് കുലുക്കിയിട്ടു അവര്‍ എങ്ങോ മറഞ്ഞു. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടതിന് ശേഷം അവരുടെ ഇല്ലം അഗ്നിക്കിരയാക്കുകയാണ് ചെയ്തത്.
താത്രി പറയാതെ പറഞ്ഞ ഒരുപാട് കാര്യങ്ങളുണ്ട് . ഒരു സ്ത്രീ സമൂഹത്തില്‍ അധപതിച്ച് പോയി എന്ന് തോന്നുന്നുവെങ്കില്‍ അവളോടൊപ്പം അവളെ ചൂഷണം ചെയ്തവരും സമൂഹത്തില്‍ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും വേണം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. അന്ന് ‘സാധനം ‘ ആയിരുന്നെങ്കില്‍ ഇന്ന് ‘ഇരയാണ് ‘ . അവര്‍ മുഖം മറച്ച്, ഒറ്റപ്പെട്ട്, എവിടെയോ മറയുന്നു. ചൂഷണം ചെയ്തവര്‍ ജ്യാമ്യത്തിലിറങ്ങി വെളിയില്‍ നടക്കുന്നു. ഓരോ വാര്‍ത്തകളും അടുത്ത സൂര്യന്‍ വാനില്‍ പ്രത്യക്ഷപ്പെടും മുന്‍പ് നമ്മള്‍ സൗകര്യപൂര്‍വം മറക്കുന്നു. താത്രിയുടെ വിചാരണ തീരുന്നില്ല….















