കൊല്ലം ജില്ലയിലെ ചവറ -പൊൻമന കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തില്‍ ഒരു ദിവസം വന്നെത്തുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് . കടലിനും കായലിനും നടുവിലുള്ള തുരുത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേത്രമാണ് . ദാരികനെ വധിച്ച ഉഗ്രമൂര്‍ത്തിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെയെത്തി ദേവിയോട് മനസിലുളള ആഗ്രഹം പറഞ്ഞു, ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണി ക്ഷേത്ര മുറ്റത്തെ ആല്‍മരത്തില്‍ ഭക്തജനങ്ങള്‍ കെട്ടുന്നു. ആ മണികിലുക്കം ദേവിയുടെ അടുക്കല്‍ ചെന്നെത്തുമെന്നും അതിലൂടെ അവര്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുമെന്നുമാണ് വിശ്വാസം.
ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ നിന്നും ദിവസവും ഉയരുന്ന മണികിലുക്കങ്ങള്‍ ഇതിനു സാക്ഷികളാണ്. ഒരിക്കല്‍ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് അതില്‍ നിന്ന് ഒരു മണി താഴെ വീണുവെന്നും ഇത് കണ്ട ക്ഷേത്ര പൂജാരി ആ മണിയെടുത്തു തൊട്ടടുത്തുള്ള പേരാലില്‍ കെട്ടിയെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി എന്നുമാണ് ഐതീഹ്യം. കൂടാതെ ദേവപ്രശ്‌നത്തില്‍ പേരാലില്‍ മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു.
കേരളത്തിലെ എല്ലാ സമുദ്ര തീരങ്ങളിലും സുനാമി ആഞ്ഞടിച്ചപ്പോള്‍ അന്ന് ഈ ഭാഗങ്ങളെ മുഴുവന്‍ സുനാമി തിരകള്‍ കൊണ്ടു പോയിട്ടും ക്ഷേത്രത്തിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല. ദേവിയുടെ ശക്തിയാണ് ഇതിനു പിന്നിലെ കാരണം എന്നാണ് വിശ്വാസം. ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടന്‍ തമ്പുരാന്‍, യക്ഷിയമ്മ, നാഗ ദൈവങ്ങള്‍, യോഗീശ്വരന്‍, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകള്‍. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായ വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും അധികം തിരക്കുളളത്. രാവിലെ 5 മുതല്‍ 12 വരെയും, വൈകിട്ട് 5 മുതല്‍ മുതല്‍ 8 വരെയുമാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുളള സമയം.















