അമേരിക്കൻ എഴുത്തുകാരനായ ഡാൻ ബ്രൗൺ പ്രശസ്തിയുടെ കൊടിമുടിയിൽ എത്തിയത് അദ്ദേഹത്തിന്റെ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെ ആയിരുന്നു . ഗണിത അധ്യാപകനായ പിതാവും , ഓർഗൻ പഠിപ്പിച്ചിരുന്ന മാതാവും ബ്രൗണിനെ തികച്ചും ആത്മീയത നിറഞ്ഞ ജീവിതത്തിലൂടെയാണ് വളർത്തിയത്.
സ്കൂൾ വിദ്യാഭ്യാസ കാലത്തു ശാസ്ത്രവും മതവും തമ്മിലുള്ള വിരോധാഭാസമായ ഇടപെടലുകളിൽ ആകൃഷ്ടനായ ബ്രൗൺ , ഏറെ നേരം സമയം ചിലവഴിച്ചിരുന്നത് രഹസ്യത്മകത ഒളിഞ്ഞിരിക്കുന്ന പസിലുകൾ , ക്രോസ്സ്വേർഡ് തുടങ്ങിയ കളികളിൽ ഏർപ്പെടുവാൻ വേണ്ടിയായിരുന്നു . കൂടാതെ വിശേഷാവസരങ്ങളിൽ പിതാവൊരുക്കുന്ന സൂചനകൾ നൽകികൊണ്ട് കളിക്കുന്ന നിധിവേട്ടയിലും ബ്രൗൺ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു .
ഇംഗ്ലണ്ടിൽ താമസിക്കുന്ന ബ്രൗൺ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പൂർണ്ണമായും എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും മുൻപ് ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിരുന്നു .
പിൽക്കാലത്തു ഈ കളികളിലൂടെയും വിദ്യഭ്യാസകാലത്തുണ്ടായ ശാസ്ത്രവും മതവും തമ്മിലുള്ള വിരോധാഭാസത്തെ കുറിച്ചുള്ള ചിന്തകളും, തന്റെ കൃതികളിൽ വരച്ചു ചേർക്കാൻ ബ്രൗൺ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട് .
ഡാൻ ബ്രൗൺ ആദ്യം എഴുതിയ കൃതി ഡിജിറ്റൽ ഫോട്രെസ്സ് എന്ന നോവലായിരുന്നു . പിന്നീട് അദ്ദേഹം എയ്ൻജൽസ് &ഡെമോൺസ് എന്ന പുസ്തകവും , ഡീസെപ്ഷൻ പോയിന്റ് എന്ന പുസ്തകവും എഴുതുകയുണ്ടായി . ഡാൻ ബ്രൗണിന്റെ നോവലുകളിലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ടനെ ആദ്യമായി അവതരിപ്പിക്കുന്നത് ഈ പുസ്തകങ്ങളിലൂടെയാണ് . ആദ്യം പുറത്തിറങ്ങിയ മൂന്ന് പുസ്തകങ്ങളും ആദ്യകാലങ്ങളിൽ വില്പനയിൽ മികവ് പുലർത്തിയിരുന്നില്ല. പിന്നീടാണ് ഡാവിഞ്ചി കോഡ് പുറത്തിറങ്ങുന്നത്. പ്രസിദ്ധീകരിച്ചു കുറച്ചു നാളുകൾക്കുളിൽ തന്നെ വില്പനയിൽ മുൻപന്തിയിൽ എത്തിയ പുസ്തകം, ധാരാളം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് . ഈ പുസ്തകത്തിന്റെ വിജയം അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളുടെയും വിൽപ്പനയിലും മികവുണ്ടാക്കി .
ഡാൻ ബ്രൗണിന്റെ കൃതികൾ എപ്പോഴും വായനക്കാരിൽ ആവേശം നിറക്കുന്ന ഒന്നാണ് . ചിഹ്നങ്ങളിലൂടെയും കോഡുകളിലൂടെയും സ്മാരകങ്ങളിലൂടെയും സൂചനകൾ നിറച്ചു കൊണ്ട് ഒരു കുറ്റകൃത്യം ഇരുപത്തിനാല് മണിക്കൂർ കൊണ്ട് റോബർട്ട് ലാങ്ടൺ എന്ന കഥാപാത്രവും സഹ കഥാപാത്രവും ചേർന്ന് തെളിയിക്കുന്നത് വരെയും വായനക്കാർ ആകാംക്ഷയുടെ മുൾമുനയിൽ തന്നെയായിരിക്കും . ഡാൻ ബ്രൗണിന്റെ നോവലുകളും ഇന്നും ഏറ്റവും മികച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നുണ്ടെങ്കിൽ വായനക്കാരിൽ ആവേശം നിലനിർത്താനുള്ള ഡാൻ ബ്രൗൺ എന്ന എഴുത്തുകാരന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് .
ഇരുന്നൂറ് മില്ലിയനിൽ കൂടുതൽ കോപ്പികൾ വിറ്റു പോയിട്ടുള്ള ഡാൻ ബ്രൗണിന്റെ പുസ്തകങ്ങൾ ഏകദേശം അൻപത്തിഏഴ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തിന്റെ ഡാവിഞ്ചി കോഡ് , എയ്ൻജൽസ് &ഡെമോൺസ് , ഇൻഫെർണോ തുടങ്ങിയ നോവലുകൾ സിനിമയാക്കപ്പെട്ടിട്ടുണ്ട് .
ഡാവിഞ്ചി കോഡ് , എയ്ൻജൽസ് & ഡെമോൺസ് , ദി ലോസ്റ്റ് സിംബൽ , ഇൻഫെർണോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായതും ഇന്നും വില്പനയിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ .















