വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം. ഇന്ത്യൻ വാസ്തു വിദ്യയുടെ ഒരുപാട് സാധ്യതകൾ കാണാൻ സാധിക്കുന്ന ഭാരതത്തിലെ പുരാതന ക്ഷേത്രമാണ് ലേപാക്ഷി ക്ഷേത്രം. അവിശ്വാസികളെ പോലും വിശ്വാസികളാക്കുന്ന ക്ഷേത്രത്തെ അടുത്തറിയാം.

1583ലാണ് ക്ഷേത്രനിർമ്മാണം നടക്കുന്നത്. വീരണ്ണനെന്നും വിരൂപണ്ണണെന്നും പേരുള്ള സഹോദരങ്ങൾ ആണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വീരഭദ്രന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന കൊത്തുപണികൾ നിറഞ്ഞ തൂണുകൾ, ഒറ്റക്കല്ലിൽ തീർത്ത ഏഴുതലയുള്ള നാഗപ്രതിമ, 27 അടി നീളമുള്ള ഒറ്റക്കല്ലിൽ കൊത്തിയ നന്ദികേശ പ്രതിമ എന്നിവയാണ് പ്രത്യേകതകൾ.
എല്ലാ വിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഈ ക്ഷേത്രത്തിലെ എഴുപതിലധികം വരുന്ന കൽതൂണുകളിൽ ഒന്നുപോലും നിലതുറച്ചിട്ടില്ല. കൽതൂണിനും നിലത്തിനും ഇടയിലൂടെ നിലംതൊടാതെ വസ്ത്രം കടത്തിയാൽ ഏത് ദുഃഖത്തിനും അറുതി വരുമെന്നാണ് വിശ്വാസം. ബ്രിട്ടീഷ് ഭരണകാലത്ത് നിലത്തുറക്കാത്ത ഈ കൽതൂണുകളുടെ രഹസ്യം കണ്ടെത്തുവാൻ ശ്രമിച്ചെങ്കിലും അവർക്കത് കണ്ടെത്താനായില്ല.

ഭാരതത്തിലെ ഏറ്റവും വലിയ നാഗപ്രതിമയും ഇവിടെ തന്നെയാണുള്ളത്. ശിവലിംഗത്തിന് തണലായി നിൽക്കുന്ന രീതിയിലാണ് ഏഴുതലയുള്ള നാഗരൂപത്തെ കാണാൻ സാധിക്കുക.
ലേപാക്ഷി ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ് സീതാദേവിയുടെ കാലടികൾ. വിവാഹമണ്ഡപത്തിൽ നിന്നും മുന്നോട്ട് കുറച്ചുകൂടി നടക്കുമ്പോൾ എപ്പോഴും നനഞ്ഞിരിക്കുന്ന രീതിയിലാണ് സീതാദേവിയുടെ കാലടികളെ കാണാൻ സാധിക്കുക. എന്തുകൊണ്ടാണ് കാലടികൾ എപ്പോഴും നനഞ്ഞിരിക്കുന്നതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

ലേപാക്ഷി എന്ന പേരിന് പിന്നിൽ ഒരു പുരാണകഥ തന്നെയുണ്ട്. സീതയെ രാവണൻ തട്ടിക്കൊണ്ട് പോകുന്ന വേളയിൽ തടയാൻ ചെന്ന ജടായുവിനെ രാവണൻ വെട്ടിവീഴ്‌ത്തിയപ്പോൾ ജടായു വീണത് ഇവിടെയാണ്. സീതയെ അന്വേഷിച്ചെത്തിയ രാമനോട് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ രാമൻ ജടായുവിനെ നോക്കി ലേപാക്ഷി എന്ന് വിളിച്ചു. തെലുങ്ക് പദമായ ഇതിന്റെ അർത്ഥം ‘എഴുന്നേൽക്കൂ പക്ഷി ശ്രേഷ്ഠാ’ എന്നാണ്.
കർണ്ണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ബാംഗ്ലൂരിൽ നിന്നും 124കിലോമീറ്റർ അകലെയാണ്.















