സൂപ്പര്‍ പൊലീസ്, ഉഡുപ്പി സിങ്കം ഇങ്ങനെ പല വിശേഷണങ്ങളാണ് കര്‍ണാടകക്കാര്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിസിപി അണ്ണാമലൈ കുപ്പുസ്വാമിക്ക് നല്‍കിയിരുന്നത്. ഐഐഎം പഠനത്തിന് ശേഷം ലഭിച്ച വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിവില്‍ സര്‍വീസ് എന്ന സ്വപ്‌ന പദത്തിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത്. ജനങ്ങളുടെ സ്വന്തം പൊലീസെന്നാണ് ഇദ്ദേഹത്തെക്കുറിച്ച് ആളുകള്‍ പറയുന്നത്. ജോലിയില്‍ തികഞ്ഞ പ്രൊഫഷണലിസം പാലിച്ച അണ്ണാമലൈ അഴിമതിക്കെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും സ്വീകരിച്ച ഉറച്ച നിലപാടുകള്‍ ഏറെ പ്രശംസനീയമായിരുന്നു. കുന്ദപ്പുരയില്‍ ഐഎസ്‌ഐഎസിനെതിരെ നടപടി സ്വീകരിക്കുകയും ബാബാബുദന്‍ഗിരിയില്‍ നടന്ന കലാപത്തില്‍ ഇടപെടുകയും ചെയ്തിട്ടുണ്ട്. ഉഡുപ്പി സിങ്കമെന്നറിയപ്പെടുന്ന അണ്ണാമലൈ കുപ്പുസ്വാമിയുടെ ജീവിതത്തെക്കുറിച്ച് കൂടുലറിയാം.
തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലെ ഒരു കാര്‍ഷിക കുടുംബത്തിലാണ് അണ്ണാമലൈയുടെ ജനനം. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം എടുത്ത ശേഷം ഐ.ഐ.എം ലക്‌നൗവില്‍ നിന്ന് എംബിഎയും പൂര്‍ത്തിയാക്കി. പഠന സമയത്ത് കാണാനിടയായ ചില കാഴ്ചകളാണ് ഇദ്ദേഹത്തെ സിവില്‍ സര്‍വ്വീസില്‍ കൊണ്ടെത്തിക്കുന്നത്. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ, 2013ല്‍ കര്‍ക്കല സബ് ഡിവിഷണില്‍ എഎസ്പി ആയി ജോലിയില്‍ പ്രവേശിച്ചു. 2015 ജനുവരി 1ന് ഉഡുപ്പി ജില്ലയില്‍ പൊലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചു.
കുറ്റവാളികളെ കണ്ടെത്തുന്നതിലും, കുറ്റകൃത്യം തെളിയിക്കുന്നതിലും ഇദ്ദേഹത്തിനുള്ള കഴിവ് പലരും സമ്മതിച്ചിട്ടുള്ളതാണ്. ഉഡുപ്പിയിലെ ജനങ്ങള്‍ക്കും അണ്ണാമലൈ ഏറെ പ്രിയങ്കരനായിരുന്നു. തന്റെ പക്കല്‍ പരാതിയുമായി എത്തുന്നവര്‍ക്കെല്ലാം അണ്ണാമലൈ പരിഹാരം കണ്ടെത്തി നല്‍കുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്നതിനപ്പുറം ഒരു സഹോദരന്‍ അല്ലെങ്കില്‍ മകന്‍ എന്ന നിലയിലാണ് പലരും അണ്ണാമലൈയെ പരിഗണിച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ അണ്ണാമലൈക്ക് വേണ്ടി ഫാന്‍ പേജുകള്‍ പോലും ഉണ്ടായി.
അണ്ണാമലൈ ഉഡുപ്പിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ അമ്മ അദ്ദേഹത്തെ കാണാനായി എത്തി. 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ കുട്ടിയുടെ പേര് പറഞ്ഞ് അമ്മ കുറേ കരഞ്ഞു. ആ മകളുടെ ഓര്‍മ്മകള്‍ അമ്മയില്‍ എന്നും ഉണ്ടായിരിക്കാന്‍ അണ്ണാമലൈ മുന്‍കൈ എടുത്ത് അക്ഷത ദേവഡിഗ സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി ആരംഭിച്ചു. ബൈന്ദൂര്‍ താലൂക്കില്‍ പത്താം ക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇന്നും ഈ അവാര്‍ഡ് നല്‍കി വരുന്നു.
എല്ലാ മതങ്ങളേയും വളരെ ബഹുമാനത്തോടെയാണ് അണ്ണാമലൈ കണ്ടിരുന്നത്. കൃത്യമായ മതപഠനം, മതങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഖുറാന്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ അണ്ണാമലൈക്ക് മനപാഠമായിരുന്നു. ശരിയായ പഠനം നടത്താതെ തെറ്റായി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഐഎസ് പോലെയുള്ള ഭീകര സംഘടനകളിലേക്ക് ചിലരെങ്കിലും തിരിയാന്‍ കാരണമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു. 2017ല്‍ ബാബാബുദന്‍ഗിരിയിലെ ഹിന്ദു-മുസ്ലീം പ്രശ്‌നത്തെ അതിവിദഗ്ധമായി പരിഹരിച്ചതും അദ്ദേഹത്തിന്റെ ഈ മിടുക്ക് കൊണ്ടായിരുന്നു.
ഉഡുപ്പിയില്‍ നിന്ന് കുറച്ച് നാളുകള്‍ക്ക് ശേഷം ചിക്കമംഗളുരുവിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. പുതിയ ഇടത്ത് സ്ഥാനമേറ്റ് അധിക ദിവസമാകും മുമ്പേ അണ്ണാമലൈ അവിടുത്തുകാര്‍ക്കും പ്രിയങ്കരനായി. ചിക്കമംഗളുരുവില്‍ സ്ഥാനമേറ്റ് വെറും 20 ദിവസത്തിനുള്ളില്‍ അവിടെ ചില മാറ്റങ്ങള്‍ സംഭവിച്ചു. അതിലൊന്ന് ഹെല്‍മെറ്റ് ഇല്ലാതെ ഒരാള്‍ പോലും പുറത്തിറങ്ങില്ല എന്നതായിരുന്നു. കൃത്യമായ ബോധവത്കരണത്തിലൂടെ ഹെല്‍മെറ്റ് വയ്‌ക്കുന്നത് കര്‍ശനമായി നടപ്പാക്കി. നിയമം അനുസരിക്കാത്തവര്‍ക്ക് പിഴ ശിക്ഷയും. സിഗരറ്റ്, ലഹരി വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്കെതിരെ സ്വീകരിച്ച നടപടിയായിരുന്നു മറ്റൊന്ന്. ഇവ വില്‍ക്കുന്ന കടകള്‍ക്ക് 30,000 രൂപ വരെ പിഴ ചുമത്തിയിരുന്നു.
ചീട്ടുകളിയും ചൂതാട്ടവുമെല്ലാം പാടേ നിര്‍ത്തിലാക്കി എന്നതായിരുന്നു അടുത്ത നീക്കം. മേഖലയിലുണ്ടായിരുന്ന നിരവധി ചൂതാട്ട കേന്ദ്രങ്ങള്‍ പൂര്‍ണമായും അടപ്പിച്ചു. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് ഇത്തരത്തിലുള്ള ഒരു ചൂതാട്ട കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇതറിഞ്ഞ് അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള സംഘം അവിടെ റെയ്ഡ് നടത്തി. പൊലീസ് റെയ്ഡ് കണ്ട് അതിനുള്ളില്‍ ഉണ്ടായിരുന്ന ഒരാള്‍ പോലും പേടിച്ചില്ല. കാരണം രാഷ്‌ട്രീയ നേതാവില്‍ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. പൊലീസിന് അവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാനാകില്ലെന്നും വെല്ലുവിളിയുണ്ടായി. പക്ഷേ അണ്ണാമലൈ അവര്‍ ഇത് വരെ കണ്ടിട്ടുള്ള സാദാ പൊലീസുകാരെ പോലെയല്ലെന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ അവര്‍ക്ക് മനസിലായി. അവരുടെ നേതാവിനെ തന്നെ ആദ്യം പൊക്കി, പിന്നെ മുഖം നോക്കി നല്ലൊരെണ്ണം പൊട്ടിച്ചു. 33 പേരാണ് അന്നവിടെ ഉണ്ടായിരുന്നത്. എല്ലാവര്‍ക്കുമെതിരെ കേസെടുത്തു. ചൂതാട്ടത്തിന് പിന്തുണ കൊടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു.
ഇങ്ങനെ എണ്ണിയാല്‍ തീരാത്തതത്ര കഥകള്‍ ഈ ഉദ്യോഗസ്ഥനെ കുറിച്ച് പറയാനുണ്ട്. എല്ലായ്‌പ്പോഴും മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കണമെന്ന തത്വത്തില്‍ ഉറച്ച് വിശ്വസിക്കുന്ന അണ്ണാമലൈ തന്റെ രാഷ്‌ട്രീയ ജീവിതത്തിലും ഇൗ ദൗത്യം തുടരുമെന്ന് പ്രതീക്ഷിക്കാം.















