ന്യൂഡല്‍ഹി: ചൈനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ. നിയന്ത്രണ രേഖയ്‌ക്ക് സമീപം ഇന്ത്യ ഷോള്‍ഡര്‍ ഫയേഡ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍ വിന്യസിച്ചു. നിയന്ത്രണ രേഖയ്‌ക്ക് സമീപം ചൈന ഹെലികോപ്റ്ററുകള്‍ എത്തിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി.
കിഴക്കന്‍ ലഡാക്കിന് സമീപമാണ് ചൈന ഹെലികോപ്റ്ററകള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനു മറുപടിയെന്നോണം റഷ്യന്‍ നിര്‍മ്മിത ഇഗ്ല എയര്‍ ഡിഫന്‍സ് മിസൈലുകളാണ് ഇന്ത്യ അതിര്‍ത്തിയില്‍ എത്തിച്ചത്. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയുടെ വ്യോമപാത ലംഘിച്ച് ആക്രമണം നടത്തിയാല്‍ നേരിടാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി. ഇന്ത്യന്‍ സൈന്യവും വ്യോമസേനയും ഉപയോഗിക്കുന്ന പ്രതിരോധ മിസൈലുകളാണ് ഇഗ്ല മിസൈലുകള്‍. ശത്രുക്കളുടെ പോര്‍വിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും നേരിടാനായാണ് ഇവ ഉപയോഗിക്കുന്നത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയിലും പെട്രോളിംഗ് പോയിന്റ് 14ന് സമീപവും ചൈനീസ് ഹെലികോപ്റ്ററുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യോമസേന തങ്ങളുടെ സുഖോയ്-30എംകെഐ പോര്‍വിമാനങ്ങളും അതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുണ്ട്.















